വോട്ടുപെട്ടിയിലാക്കാനുള്ള പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. പന്ത്രണ്ടാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസം കൊണ്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണമായും നല്‍കാന്‍ തീരുമാനിച്ചുവെന്നും ഒരു ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും ശേഷിക്കുന്ന ഗഡുക്കള്‍ മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. അതേസമയം ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. ക്ഷേമ പെന്‍ഷന്‍ 2500 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. റബറിനും താങ്ങുവില കൂട്ടിയില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷനും പ്രഖ്യാപിച്ചു. അവസാനത്തെ അടിസ്ഥാന ശമ്പളത്തിന്‍റെ പകുതി തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ഡിഎ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് നിലവിലുള്ള എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ സാധിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. ജീവനക്കാരുടെയും സര്‍ക്കാരിന്‍റെയും വിഹിതം പ്രത്യകം മാനേജ് ചെയ്യുന്നതിന് സംവിധാനവും ഉണ്ടാക്കും. ഏപ്രില്‍ ഒന്ന് മുതലാകും പുതിയ പെന്‍ഷന്‍ നടപ്പില്‍ വരുത്തുക.
ആശവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പ്രീപ്രൈമറി അധ്യാപകര്‍ക്കും സാക്ഷരതാ പ്രമോട്ടര്‍മാര്‍ക്കും 1000 രൂപ വീതം ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും പാചകത്തൊഴിലാളികള്‍ക്ക് ദിവസവേതനത്തില്‍ 25 രൂപയും വര്‍ധിപ്പിച്ചു.
കാരുണ്യ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സും പ്രഖ്യാപിച്ചു. പൊതുമേഖല ജീവനക്കാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ്, സഹകരണ ജീവനക്കാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ്,ഓട്ടോറിക്ഷ, ടാക്്സി തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്,ഓട്ടോറിക്ഷ, ഹരിതസേന, ലോട്ടറി തൊഴിലാളികള്‍,വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകം ആരോഗ്യ ഇന്‍ഷൂറന്‍സുകളും പ്രഖ്യാപിച്ചു. ഒന്നുമുതല്‍ 12വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷൂറന്‍സും ബജറ്റില്‍ പ്രഖ്യാപിച്ചു. അപകടം സംഭവിച്ചാല്‍ ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികില്‍സ ഉറപ്പാക്കാനും പദ്ധതി പ്രഖ്യാപിച്ചു. മെഡിസെപ് 2.0യ്ക്ക് അടുത്തമാസം ഒന്ന് മുതല്‍ തുടക്കമാകും. ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പുതിയ റെയില്‍ പദ്ധതിയായ റാപിഡ് റെയിലിന് 100 കോടിയും വകയിരുത്തി.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79.03 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ വികസന മാര്‍ഗരേഖയില്‍ മെട്രോ രണ്ടാംഘട്ടം നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. രണ്ടാംഘട്ടത്തിനായി 1,116 കോടിയുടെ വിദേശ വായ്പയ്ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കില്‍ നിന്നാകും വായ്പയെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി മെട്രോപൊളീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്.
413.25 കോടി രൂപയാണ് വിനോദസഞ്ചാര മേഖലയുടെ വിഹിതമായി വര്‍ധിപ്പിച്ചത്. പൈതൃക സാംസ്കാരിക ടൂറിസവും ഡെസ്റ്റിനേഷന്‍ ടൂറിസവും സംസ്ഥാനത്ത് വന്‍ വളര്‍ച്ച നേടിയെന്നും ബജറ്റില്‍ പറയുന്നു. കേരള ടൂറിസം കോര്‍പറേഷന് 14.1 കോടി രൂപ വകയിരുത്തി. ധര്‍മടത്തിന് ചുറ്റും ബ്ലൂ–ഗ്രീന്‍ ഇന്‍റഗേറ്റഡ് ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കും.പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലം ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ടിന്‍റെയും മലബാര്‍ സര്‍ക്യൂട്ടിന്‍റെയും നിര്‍മാണം പുരോഗമിക്കുന്നു. ഇതിന്‍റെ മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ക്ക് 85 കോടി രൂപയും അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന് 20 കോടി രൂപ അനുവദിച്ചു. കേരളത്തിന്‍റെ പരമ്പരാഗത ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ആകർഷമാക്കുന്നതിന്റെ ഭാഗമായും സംസ്കാര സംരക്ഷണത്തിനുമുള്ള പ്രോത്സാഹന പദ്ധതിക്കായി 29 കോടി രൂപയും വകയിരുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി 159 കോടി രൂപയും അനുവദിച്ചു.
അതേസമയം, പൂച്ചപെറ്റു കിടക്കുന്ന ഖജനാവാണ് സംസ്ഥാന സര്‍ക്കാരിന്‍റേതെന്നും ജനങ്ങള്‍ക്ക് വിശ്വാസം തകര്‍ന്നുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. ബജറ്റിന്‍റെ പവിത്രത കളഞ്ഞ് കുളിച്ചുവെന്നും രാഷ്ട്രീയ രേഖയാക്കി മാറ്റിയെന്നും അദ്ദേഹം പ്രതികരിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം ഭരണത്തിലിരുന്നിട്ടും നടപ്പിലാക്കാത്ത കാര്യങ്ങള്‍ ഇനി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.