rohit-kohli-australia-odi

ഇന്ത്യ– ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശർമ സെഞ്ചറിയും വിരാട് കോലി അർധ സെഞ്ചറിയും നേടി പുറത്താകാതെനിന്നു. അതേസമയം, പരമ്പര 2-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഇത് ആശ്വാസ ജയം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 46.4 ഓവറിൽ 236 റൺസടിച്ചു പുറത്തായി. മാറ്റ് റെൻ ഷോ അർധ സെഞ്ചറി നേടി. മിച്ചല്‍ മാർഷ് (41), മാത്യു ഷോർട്ട് ( 30), ട്രാവിസ് ഹെഡ് (  29), അലക്സ് ക്യാരി ( 24) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാർ. ഓപ്പണര്‍മാര്‍ മിന്നിച്ചതോടെ മികച്ച സ്കോറിലേക്ക് കുതിച്ച ഓസീസിന് സിറാജാണ് ആദ്യ പ്രഹരം നല്‍കിയത്. പത്താം ഓവറിലെ രണ്ടാം പന്തില്‍ ട്രാവിസ് ഹെഡിനെ സിറാജ് പുറത്താക്കി. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ അക്സറും. 201 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായതോടെ ഓസീസ് കടുത്ത പ്രതിരോധത്തിലായി. 

അർധ സെഞ്ചറി നേടിയ മാറ്റ് റെൻ‍ഷോയുടെ പുറത്തായ ശേഷം വിക്കറ്റുകൾ തുടർച്ചയായി വീണു. ഹർഷിത് റാണ 8.4 ഓവറില്‍ 39 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. വാഷിങ്ടൻ സുന്ദര്‍ രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ഗില്ലിനെ തുടക്കത്തില്‍ നഷ്ടമായി. 11–ാം ഓവറിൽ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. എന്നാല്‍ രോഹിത്–കോലി സഖ്യം ഉറച്ചു നിന്ന് നയിച്ചു. രോഹിത് ശർമ സെഞ്ചറിയും വിരാട് കോലി അർധ സെഞ്ചറിയും നേടി പുറത്താകാതെനിന്നു. 69 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

ENGLISH SUMMARY:

India secured a huge nine-wicket victory over Australia in the final ODI, chasing a target of 237 in just 38.3 overs. Rohit Sharma (century) and Virat Kohli (fifty) remained unbeaten. Despite the win, Australia clinched the three-match series 2-1. Harshit Rana starred for India with 4 wickets.