Image Credit: AP
ഓസീസിനെതിരായ ഏകദിന പരമ്പരയും തോറ്റതോടെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. അഗാര്‍ക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രോഹിതിന്‍റെയും കോലിയുടെയും ആരാധകര്‍ നേരത്തെ തന്നെ അഗാര്‍ക്കര്‍ക്കെതിരെ തിരിഞ്ഞിരുന്നു. പ്രകടനം മാത്രമാകും ഏകദിന ലോകകപ്പില്‍ ഇരു താരങ്ങള്‍ക്കും മാനദണ്ഡമെന്നായിരുന്നു നേരത്തെ അഗാര്‍ക്കര്‍ സൂചന നല്‍കിയത്. ഇതോടെ അഗാര്‍ക്കറെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആരാധകര്‍ മുറവിളിയും തുടങ്ങി.ഇന്ത്യയുടെ ടീം സെലക്ഷന്‍ ഇത്ര ബോറാക്കുന്നത് അജിത് അഗാര്‍ക്കറാണെന്നും കൃത്യമായ പക്ഷപാതം ടീം സെലക്ഷനില്‍ വ്യക്തമാണെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസ് മുന്‍ സൂപ്പര്‍ താരവും അഗാര്‍ക്കറാണ് ടീം ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതിയെന്ന തരത്തില്‍ അഭിപ്രായം ഉന്നയിച്ചത്
അഡ്ലെയ്ഡില് മല്‍സരം പുരോഗമിക്കുന്നതിനിടെയായിരുന്നു കമന്‍ററി ബോക്സില്‍ ഇരുന്ന് മാര്‍ക്വോ, അഗാര്‍ക്കര്‍ വിവാദത്തിന് കൊഴുപ്പുകൂട്ടിയത്. 'സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ മാറ്റിയെന്ന് കേട്ടല്ലോ, ഞാനങ്ങനെ വായിച്ചു' എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്. ഉടനടി രവി ശാസ്ത്രി ഇക്കാര്യം നിഷേധിച്ചു. സമൂഹമാധ്യമമായ എക്സില്‍ താന്‍ ഇക്കാര്യം വായിച്ചുവെന്നായിരുന്നു പിന്നാലെ മാര്ക്വോയുടെ വിശദീകരണം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജമാണെന്നും രവി ശാസ്ത്രി പ്രതിരോധം തീര്‍ത്തു.
അതേസമയം, പെര്‍ത്തിന് പിന്നാലെ അഡ്ലെയ്ഡിലും ഇന്ത്യയ്ക്ക് അടിപതറി. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിനയച്ചു. തുടക്കത്തിലെ ഗില്ലിനെയും കോലിയെയും നഷ്ടമായെങ്കിലും രോഹിതും ശ്രേയസും ചേര്‍ത്ത് മികച്ച അടിത്തറയിട്ടു. പിന്നാലെയെത്തിയ അക്സര്‍ പട്ടേലും ഹര്‍ഷിത് റാണയും അര്‍ഷ്ദീപും ചേര്‍ന്ന് ഇന്ത്യയെ 264 എന്ന പൊരുതാവുന്ന സ്കോറില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം എട്ടുവിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. പരമ്പരയും സ്വന്തമാക്കി. പെര്‍ത്തിലെ ഒന്നാം േകദിനത്തില്‍ രണ്ടുവിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം.