ഏഷ്യാക്കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ പരിസമാപ്തിയെന്ന് സൂചന. നംവബര്‍ പത്തിന് ദുബായില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ട്രോഫി ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിസിസിഐയും എസിസിയുമായി നടന്ന നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെന്നും നഖ്വിയാണ് നവംബര്‍ പത്തെന്ന തീയതി മുന്നോട്ട് വച്ചതെന്നും ടെലികോം ഏഷ്യാ സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ബിസിസിഐയും എസിസിയുമായി എത്തിച്ചേര്‍ന്ന ധാരണപ്രകാരം സൂര്യകുമാര്‍ യാദവിനും സംഘത്തിനും ട്രോഫി സമ്മാനിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നുവെന്ന്' നഖ്വി പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഇയാന്‍സും റിപ്പോര്‍ട്ട ്ചെയ്തിട്ടുണ്ട്.
TOPSHOT - India's captain Suryakumar Yadav (R) playfully pretends to hold the trophy as his team celebrates their victory at the end of the Asia Cup 2025 Twenty20 international cricket final match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Sajjad HUSSAIN / AFP)
പിസിബി അധ്യക്ഷനും എസിസി ചെയര്‍മാനുമായ മുഹ്സിന്‍ നഖ്വിയില് നിന്നും ട്രോഫി ഏറ്റുവാങ്ങാന്‍ ജേതാക്കളായ ഇന്ത്യന്‍ ടീം വിസമ്മതിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സമ്മാനദാന ചടങ്ങളില്‍ ട്രോഫിയുമായി മുഹ്സിന്‍ നഖ്വി സ്ഥലംവിട്ടു. ഹോട്ടലിലേക്ക് സ്വകാര്യസ്വത്തെന്നോണം ട്രോഫിയുമായി പോയ നഖ്വിയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനവുമുണ്ടായി. ട്രോഫിയുമായി മുങ്ങിയ നഖ്വിയെ പരിഹസിച്ച് സാങ്കല്‍പ്പിക ട്രോഫിയുമായാണ് ഇന്ത്യ അന്ന് ആഘോഷം നടത്തിയത്.
സൂര്യകുമാര്‍ യാദവ് നേരിട്ടെത്തി തന്‍റെ പക്കല്‍ നിന്നും ട്രോഫി സ്വീകരിക്കണമെന്നായിരുന്നു നഖ്വി ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് ബിസിസിഐ വഴങ്ങിയില്ല. ട്രോഫി കൈമാറിയില്ലെങ്കില്‍ വിഷയം ഐസിസിയില്‍ ഉന്നയിക്കുമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് നഖ്വി വഴങ്ങിയത്. നവംബര്‍ നാല് മുതല്‍ ഏഴുവരെ ദുബായിലാണ് ഐസിസിയുടെ ബോര്‍ഡ് യോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് മല്‍സരങ്ങളാണ് പാക്കിസ്ഥാനും ഇന്ത്യയുമായി ടൂര്‍ണമെന്‍റിലുണ്ടായിരുന്നത്. മൂന്നിലും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി. മല്‍സരത്തിനിടെ ഇന്ത്യ, പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചതും വിവാദമായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ആദ്യ മല്‍സരത്തിലെ ജയം പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കും സൈനികര്‍ക്കായുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സമര്‍പ്പിച്ചത്. ഈ പ്രഖ്യാപിനത്തിന് മാച്ച് ഫീയുടെ 30 ശതമാനം സൂര്യകുമാറിന് ഐസിസി പിഴ ഈടാക്കുകയും ചെയ്തു. കളിക്കിടയിലെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കും അംഗവിക്ഷേപങ്ങള്‍ക്കും പാക് താരങ്ങളും പിഴയൊടുക്കേണ്ടി വന്നിരുന്നു.