Image Credit: PTI
കിടിലന്‍ മേക്ക് ഓവറിലാണ് ഹിറ്റ്മാന്‍ ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്. ഓടാന്‍ വയ്യെന്നും ഫിറ്റല്ലെന്നും ഉപ്പ് ചാക്കുപോലെയെന്നും ട്രോളിയവരെ പോലും അമ്പരപ്പിക്കുന്ന മാറ്റമാണ് രോഹിത് ശര്‍മയുടേത്. പെര്‍ത്തില്‍ പരിശീലനത്തിനിറങ്ങിയ താരത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഭാരം നല്ലതുപോലെ കുറച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. പെര്‍ത്തിലെത്തും മുന്‍പ് മുംബൈയില്‍ അഭിഷേക് നായര്‍ക്കൊപ്പം കഠിന പരിശീലനത്തിലായിരുന്നു താരം. 2027ലെ ഏകദിന ലോകകപ്പോടെ വിരമിക്കണമെന്ന ആഗ്രഹം സജീവമായി നിര്‍ത്തണമെങ്കില്‍ ഓസീസ് പര്യടനത്തില്‍ ബാറ്റു കൊണ്ട് തെളിയിച്ചേ മതിയാവുകയുമുള്ളൂ. അതുകൊണ്ട് തന്നെ തീവ്രമായ പരിശ്രമവും ഹിറ്റ്മാന്‍ നടത്തിയെന്ന് അഭിഷേക് നായരും വ്യക്തമാക്കുന്നു.
കരിയറിന്‍റെ ഈ ഘട്ടത്തില്‍ ഇത്ര വലിയ മാറ്റം താരം വരുത്താന്‍ തയാറായതെന്തിനെന്നും അഭിഷേക് വെളിപ്പെടുത്തി. 12 ആഴ്ചകളാണ് ഓസീസ് സീരിസിന് മുന്‍പായി ലഭിച്ചത്. ശരീര ഘടന, ചലനം, കൂടുതല്‍ ഫിറ്റ്നസ്, ശരീരത്തിന്‍റെ വഴക്കം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
'എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് വലിയ പരിഹാസമാണ് ഒരുസമയത്ത് രോഹിതിന് നേരിടേണ്ടി വന്നത്. അതെല്ലാം മാറ്റണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. ആര്യോഗമുള്ള, ചടുലമായ, ഫിറ്റായ ഹിറ്റ്മാനാകും ഇനി കളത്തിലിറങ്ങുകയെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അവിടെയായിരുന്നു ഈ യാത്രയുടെ തുടക്കം'- അഭിഷേക് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനാണോ അല്ലയോ എന്നതല്ല, ടീമിനായി കളിക്കുന്നതിലും ടീം അംഗങ്ങളോടുള്ള പെരുമാറ്റത്തിലും രോഹിത് എന്നും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.