Visakhapatnam: India's Pratika Rawal and Smriti Mandhana run between the wickets during the ICC Women's World Cup ODI cricket match between India Women and Australia Women, at the ACA-VDCA International Cricket Stadium, in Visakhapatnam, Sunday, Oct. 12, 2025. (PTI Photo/R Senthilkumar)(PTI10_12_2025_000394B)
വനിതകളുടെ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ലഭിച്ചത് അഞ്ച് പെനല്‍റ്റി റണ്‍സ്‍. ഇന്ത്യന്‍ ഇന്നിങ്സിന്‍റെ 29–ാം ഓവറിലെ അവസാന പന്തിലായിരുന്നു പെനല്‍റ്റി റണ്‍സ് പിറന്നത്. അന്ന സതര്‍ലാന്‍ഡ് എറിഞ്ഞ പന്ത് സ്വീപ് ചെയ്യാന്‍ പ്രതിക റവാല്‍ ശ്രമിച്ചെങ്കിലും ഹെല്‍മെറ്റില്‍ തട്ടി അലിസ ഹീലിയെയും കടന്ന് പോകുകയായിരുന്നു.
Image Credit: PTI
ഫീല്‍ഡിങ് ടീം നിലത്ത് വച്ച ഹെല്‍മെറ്റില്‍ പന്ത് തട്ടിയാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് പെനല്‍റ്റിയായി നല്‍കാമെന്നാണ് എംസിസി ചട്ടത്തില്‍ പറയുന്നത്. ചട്ടം 28.3.2 അനുസരിച്ച്, പന്ത് ഫീല്‍ഡിങ് ടീമിന്‍റെ ഹെല്‍മെറ്റില്‍ തട്ടുന്നതിന് മുന്‍പ് ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കിയ റണ്‍സുകളും പന്ത് തട്ടുന്ന സമയത്ത് ബാറ്റര്‍മാര്‍ ക്രോസ് ചെയ്തിട്ടുണ്ടെങ്കില്‍ ആ ഓടിക്കൊണ്ടിരിക്കുന്ന റണ്ണും സ്കോറിനൊപ്പം കണക്കാക്കാം. എന്നാല്‍ ഇന്നലെ പന്ത് തട്ടുന്ന സമയത്ത് ബാറ്റര്‍മാര്‍ ക്രോസ് ചെയ്തിരുന്നില്ല. അതുകൊണ്ട് പെനല്‍റ്റി അഞ്ചു റണ്‍സ് മാത്രം ലഭിക്കുകയായിരുന്നു.
അതേസമയം, മല്‍സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനോട് തോറ്റു. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ ഓസീസ് മറികടന്നു. ജയത്തോടെ വനിത ഏകദിന ചരിത്രത്തില്‍ മുന്നൂറിലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ടീമായും ഓസീസ് മാറി. നേരത്തേ ശ്രീലങ്കയായിരുന്നു ഈ റെക്കോര്‍ഡിന് ഉടമകള്‍.
വാലറ്റം നിരാശപ്പെടുത്തിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവച്ചതെന്നാണ് വിലയിരുത്തല്‍. ബാറ്റിങിലെ പോരായ്മയാണ് പ്രതീക്ഷകള്‍ തകര്‍ത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും പ്രതികരിച്ചിരുന്നു. 43 ഓവറുകള്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 294 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ കേവലം 36 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് തുടരെത്തുടരെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. 30–40 റണ്‍സുകള്‍ കൂടി നേടിയിരുന്നുവെങ്കില്‍ കളിയുടെ ഫലം മറ്റൊന്നായേനെയെന്നും ഹര്‍മന്‍പ്രീത് മല്‍സരശേഷം വിശദീകരിച്ചു.അവസാന ആറോവറുകളിലെ പിഴവിന് വലിയ വിലയാണ് നല്‍കേണ്ടി വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്‍റില്‍ ഇന്ത്യ നേരത്തെ ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു. ജയത്തോടെ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.