ഏകദിന ലോകകിരീടം നേടിയതോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ തലവര മാറി. താരങ്ങളെത്തേടി ബ്രാൻഡുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍. ലോകകപ്പുയര്‍ത്തി മണിക്കൂറുകള്‍ക്കകം ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ചിത്രം പിറ്റേന്നുതന്നെ പത്രങ്ങളുടെ ഒന്നാം പേജിൽ നിറഞ്ഞു.
ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നൊരുക്കിയപ്പോൾ,ഹർലീൻ ഡിയോൾ അദ്ദേഹത്തിന്റെ സൗന്ദര്യ സംരക്ഷണ രീതികളെക്കുറിച്ച് ചോദിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് ഒരു സൗന്ദര്യവർധക ബ്രാൻഡ് താരത്തെ ബ്രാന്‍ഡ് അബംസഡറാക്കി. ജെമീമ റോഡ്രിഗസിന്റെ ചെളിപുരണ്ട ജഴ്സിയുടെ ചിത്രം ഒരു ഡിറ്റർജന്റ് ബ്രാൻഡ് വൈറൽ പരസ്യമാക്കി മാറ്റി. സ്മൃതി മന്ഥനയാണ് ബ്രാന്‍ഡുകളുടെ ഇഷ്ടതാരം.
വനിതാ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ പരസ്യങ്ങളിൽ ഒതുങ്ങുന്നില്ല. പുരുഷതാരങ്ങൾക്കു മാത്രമായി കരുതിയിരുന്ന മൊബൈൽ ഫോൺ, ഇരുചക്രവാഹനങ്ങൾ, കാറുകൾ, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്കും അവർ ചുവടുവയ്ക്കുകയാണ്. ലോകകപ്പിനു ശേഷം താരങ്ങളുടെ പ്രതിഫലത്തിൽ രണ്ടുമുതൽ മൂന്നിരട്ടി വരെ വർധനയുണ്ടായി.