വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‍സ്വാളിന് ഇരട്ട സെഞ്ചറി നഷ്ടം. ടെസ്റ്റില്‍ മൂന്ന് ഇരട്ടസെഞ്ചറി നേടുന്ന പ്രായം കുറഞ്ഞതാരമെന്ന റെക്കോര്‍ഡാണ് ജയ്സ്വാളിന് നഷ്ടമായത്. 173 റണ്‍സില്‍ ശനിയാഴ്ച ബാറ്റിങ് ആരംഭിച്ച ജയ്‍സ്വാള്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ പുറത്താക്കി.
ഇന്ത്യ ബാറ്റിങ് തുടങ്ങി രണ്ടാം ഓവറിൽ തന്നെയാണ് ജയ്സ്വാള്‍ റണ്ണൗട്ടാകുന്നത്. ജയ്ഡന്‍ സീല്‍ എറിഞ്ഞ പന്തില്‍ സിംഗിളാനിയ ജയ്സ്വാള്‍ ഓടിയെങ്കിലും മറുഭാഗത്തുണ്ടായിരുന്ന ക്യാപ്റ്റന് ശുഭ്മാന്‍ ഗില്‍ തിരിച്ചയച്ചു. പകുതിവരെയെത്തി തിരിഞ്ഞോടിയെങ്കിലും ക്രീസിലെത്തും മുന്‍പെ ചന്ദ്രപോളിന്റെ ത്രോയിൽ കീപ്പർ ടെവിൻ ഇംലാച് ജയ്സ്വാളിനെ പുറത്താക്കി. 175 റണ്‍സിനാണ് യശ്വസി പുറത്താകുന്നത്.
അതേസമയം ഒരു അനാവശ്യ റെക്കോര്‍ഡ് ജയ്സ്വാള്‍ ഇതോടെ സ്വന്തം പേരിലാക്കി. റണ്ണൗട്ടാകുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ജയ്സ്വാളിന്‍റെ പേരിലാണ്. 218 റണ്‍സില്‍ റണ്ണൗട്ടായ സഞ്ജയ് മഞ്ജരേക്കറാണ് പട്ടികയില്‍ ആദ്യം. 2002 ല്‍ ഓവല്‍ ടെസ്റ്റില്‍ 217 റണ്‍സിനും 2001 ല്‍ കൊല്‍ക്കത്തയില്‍ 180 റണ്‍സിനും പുറത്തായ ദ്രാവിഡാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. വിന്‍ഡീസിനെതിരായ റണ്ണൗട്ടോടെ പട്ടികയിലെ പുതുമുഖമായി നാലാം സ്ഥാനത്തേക്ക് ജയ്സ്വാളെത്തി.
അതേസമയം ആദ്യ ഇന്നിങ്സിൽ ഇന്ത്യ 5 ന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ സെഞ്ചറി നേടി. 196 പന്തിൽ 129 റണ്‍സോടെ ഗില്‍ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റ്ഇന്‍ഡീസിന് 49 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായി.