വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ 248 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. റിച്ച ഘോഷ് 20 ബോളില്‍ പുറത്താവാതെ 35 റണ്‍സ് അടിച്ചുകൂടി. അര്‍ധസെഞ്ചറിക്ക് അരികില്‍, 46 റണ്‍സുമായി പുറത്തായ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാന്‍, ഇന്ത്യയുടെ പത്ത് വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു.
മത്സരം ആരംഭിക്കവേ മാച്ച് റഫറിയുടെ ടോസ് തീരുമാനം വിവാദമായിരുന്നു. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും റഫറി ടോസ് പാക്കിസ്ഥാന് അനുകൂലമായി വിധിക്കുകയും ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടോസിട്ടത്. ഫാത്തിമ സന തിരഞ്ഞെടുത്തത് ടെയില്‍സ് ആയിരുന്നു. എന്നാല്‍ റഫറി അത് തെറ്റായി കേട്ടു. സന തിരഞ്ഞെടുത്തത് ഹെഡ്‌സ് ആണെന്ന് കരുതി ടോസ് പാക്കിസ്ഥാനെന്ന് റഫറി വിളിച്ചു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയയായിരുന്നു.
അതേസമയം, ഏഷ്യാകപ്പിലെ വിവാദത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ താരങ്ങളും ഇന്ന് ഹസ്തദാനം ഒഴിവാക്കിയിരുന്നു. മല്‍സരത്തിന് മുമ്പ് പാക് വനിതാ ടീമിന്റെ ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് ഹസ്തദാനം നല്‍കാന്‍ ഹര്‍മന്‍പ്രീത് കൗര്‍ തയ്യാറായില്ല. നേരത്തേ ബിസിസിഐ സെക്രട്ടറിയും ഏഷ്യാകപ്പില്‍ സ്വീകരിച്ച അതേ സമീപനം വനിതാ ലോകകപ്പില്‍ തുടരുമെന്ന് പറഞ്ഞിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനുമായി കളിച്ച മൂന്നുകളിയിലും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. മാത്രമല്ല ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തിരുന്നു.