peramangalam-stabbing-horn-dispute

TOPICS COVERED

പേരാമംഗലത്ത് ഹോൺ അടിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അച്ഛനും മകനും സുഹൃത്തിനും കുത്തേറ്റു. മുണ്ടൂർ സ്വദേശികളായ ബിനീഷ്, മകൻ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽപോയ കേച്ചേരി സ്വദേശി കൃഷ്ണ കിഷോറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ഇന്നലെ രാത്രി ഒൻപതരയോടെ ബാഡ്മിന്റണ്‍ കളിച്ച ശേഷം അച്ഛനും മകനും സുഹൃത്തും രണ്ട് ബൈക്കുകളിലായി വരികയായിരുന്നു. ഈ സമയത്ത് ഇവരുടെ മുന്നിൽ പോവുകയായിരുന്ന കൃഷ്ണ കിഷോർ ഓടിച്ച ബൈക്കിന് പിന്നാലെ ഇവർ ഹോൺ മുഴക്കി. രണ്ടാമത്തെ പ്രാവശ്യം ഹോൺ അടിച്ചപ്പോൾ കൃഷ്ണ കിഷോറിന് ഇത് ഇഷ്ടപ്പെട്ടില്ല.

തുടർന്ന്, ഓവർടേക്ക് ചെയ്ത് പോയ ഇവരെ കൃഷ്ണ കിഷോർ ബുള്ളറ്റിൽ വന്ന് ക്രോസ് ചെയ്ത് നിർത്തി. ഇവർ തമ്മിൽ തർക്കമുണ്ടാവുകയും, ഇതിനിടയിൽ കൃഷ്ണ കിഷോർ കത്തിയെടുത്ത് അഭിനവിനെയും അച്ഛൻ ബിനീഷിന്റെ കയ്യിലും സുഹൃത്ത് അഭിജിത്തിനെയും കുത്തുകയായിരുന്നു. മൂന്നുപേർക്കും കുത്തേറ്റു.

കുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച കൃഷ്ണ കിഷോറിനെ കുത്തേറ്റവർ പിന്തുടർന്നു. ഒരു കാറിലെത്തിയ സുഹൃത്തിന്റെ സഹായത്തോടെ കൃഷ്ണ കിഷോർ കാറിൽ കയറി രക്ഷപ്പെട്ടു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതോടെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു.

കൃഷ്ണ കിഷോർ മുണ്ടൂരിലെ ഒരു പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇയാളുടെ അമ്മയുടെ വീട് കോട്ടയത്തും അച്ഛൻ്റെ വീട് ചാവക്കാടുമാണ്. കേച്ചേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.  പ്രതിയായ കൃഷ്ണ കിഷോറിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Peramangalam stabbing incident is the result of a horn dispute that escalated into violence, leaving three injured. Police are actively searching for the accused, Krishna Kishore, who fled the scene after the attack.