Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025 India's Tilak Varma celebrates after winning the Asia Cup REUTERS/Satish Kumar
തിലക് വര്‍മയെന്ന 22കാരന്‍റെ ചുമലിലേറിയാണ് ഇന്ത്യ,പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 146 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടന്നത്. ചിരവൈരികളായ പാക്കിസ്ഥാനെതിരെ ആക്രമിച്ച് കളിക്കാന്‍ തിലകിന് ഊര്‍ജം പകര്‍ന്നതാവട്ടെ സ്‍ലെഡ്ജിങും. അഭിഷേകും സൂര്യകുമാറും വീണതിന് പിന്നാലെ ക്രീസിലെത്തിയ തിലകിനോട്, ഇത് നിന്‍റെ മുംബൈയല്ല, ഐപിഎല്ലും എന്നായിരുന്നു വിക്കറ്റ് കീപ്പറായ മുഹമ്മദ് ഹാരിസിന്‍റെ പ്രകോപനം.
ഹാരിസിനോട് ഡയലോഗടിക്കാനൊന്നും തിലക് നിന്നില്ല. മറുപടി പറഞ്ഞത് ബാറ്റായിരുന്നു. നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പടെ 53 പന്തില്‍ നിന്ന് പുറത്താകാതെ 69 റണ്‍സ്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് പത്ത് റണ്‍സ് ജയിക്കാന്‍ വേണം, ഹാരിസ് റൗഫിനെ തിലക് സിക്സര്‍ പറത്തി. ഇതോടെ നാല് പന്തില്‍ രണ്ട് റണ്‍സായി ലക്ഷ്യം. ഫോറടിച്ച് റിങ്കു സിങ് പാക്കിസ്ഥാനെ തീര്‍ക്കുകയും ചെയ്തു. ഇത് മുംബൈയല്ലെന്നും ഐപിഎല്‍ അല്ലെന്നും പറഞ്ഞ ഹാരിസിനോട് ഏത് നാട്ടിലും മുംബൈയിലെന്ന പോലെ കളിക്കുമെന്നായിരുന്നു തിലക് പറയാതെ പറഞ്ഞത്. മൈതാനത്തിന്‍റെ എല്ലാഭാഗത്തേക്കും വിജയാഹ്ലാദത്തില്‍ ഓടിയെത്തിയാണ് തിലക് തന്‍റെ സന്തോഷം പ്രകടിപ്പിച്ചതും.
കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെന്ന് കളിക്ക് ശേഷം തിലക് വെളിപ്പെടുത്തി. 'സമ്മര്‍ദമുണ്ടായിരുന്നു. അവര്‍ നന്നായി പന്തെറിഞ്ഞു. പേസ് മാറ്റി. ശാന്തമായി നിലയുറപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സഞ്ജു ഉറച്ച പിന്തുണ തന്നു. കടുത്ത സമ്മര്‍ദത്തിനിടയിലും ദുബെയുടെ ബാറ്റിങ് ആശ്വാസമായി. ഏത് പൊസിഷനില്‍ കളിക്കാനും ഞങ്ങളെല്ലാവരും തയാറായിരുന്നു'- ഒന്‍പതാം ഏഷ്യാക്കപ്പ് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച ശേഷം തിലക് തുറന്ന് പറഞ്ഞു. വിജയം എല്ലാ ഇന്ത്യക്കാരുടേതുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.