Image credit:x/sayimayub
സമീര്‍ മിനാസിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ മികവില്‍ ഇന്ത്യയെ അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ തോല്‍പ്പിച്ച പാക് ടീമിന് ഇസ്ലമാബാദില് വന്‍ സ്വീകരണം. പാക്കിസ്ഥാന്‍റെ രണ്ടാമത്തെ അണ്ടര്‍–19 ഏഷ്യാക്കപ്പ് ട്രോഫിയാണിത്. താരങ്ങള്‍ ദുബായില്‍ നിന്ന് വന്നിറങ്ങിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരും ആരാധകരും പാഞ്ഞടുത്തു. പിന്നാലെ ദീപാലംകൃതമായ ഇസ്ലമാബാദിലൂടെ വിക്ടറി പരേഡ്. ഷഹനായിയുടെയും ഡ്രമ്മിന്‍റെയും ശബ്ദം തെരുവോരങ്ങളില്‍ അലയടിച്ചു. പുലര്‍ച്ചെ രണ്ട് മണിയാണെന്നോ, ശൈത്യകാലമാണെന്നോ ഓര്‍ക്കാതെയാണ് ആളുകള്‍ തടിച്ചുകൂടിയതെന്ന് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആഘോഷം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജേതാക്കള്‍ക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ വക പ്രത്യേക വിരുന്നും നല്‍കി. ഒരു കോടി പാക് രൂപയാണ് പ്രധാനമന്ത്രിയുടെ വക താരങ്ങള്‍ക്ക് സമ്മാനം. കിരീടം പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ സുവര്‍ണനിമിഷമാണെന്നും ഇന്ത്യയെ തോല്‍പ്പിച്ചുവെന്നതാണ് മധുരമെന്നും പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിസിബി 50 ലക്ഷം രൂപ വീതം നല്‍കുമെന്നും നഖ്വി പ്രഖ്യാപിച്ചു.
347 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. 113 റണ്‍സില്‍ 172 റണ്‍സെടുത്ത് സമീര്‍ മിനാസ് താരമായി. മരുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ സൂപ്പര്‍താരങ്ങളായ വൈഭവ് സൂര്യവംശിക്കും ആയുഷ് മാത്രെയ്ക്കും അഭിജ്ഞാന്‍ കുണ്ഡുവിനുമൊന്നും തിളങ്ങനായില്ല. ഇതോടെ 191 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം പാക്കിസ്ഥാന്‍ നേടുകയായിരുന്നു. 42 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അലി റേസയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സയ്യാമും അബ്ദുല്‍ ശുഭാനുമാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്.