testicular-torsion-tilak-varma-n

വിജയ് ഹസാരെ ട്രോഫിക്കിടെയാണ് ഇന്ത്യന്‍ താരം തിലക് വര്‍മയ്ക്ക് പരുക്കേല്‍ക്കുന്നത്. അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്കാനിങിന് വിധേയനാക്കിയ താരത്തിന് ടെസ്റ്റിക്യുലാര്‍ ടോർഷൻ (Testicular Torsion) സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് നിലവില്‍ സുഖംപ്രാപിച്ച് വരികയാണ്. പിന്നാലെ ടെസ്റ്റിക്യുലാര്‍ ടോർഷൻ എന്ന മെഡിക്കല്‍ അവസ്ഥയും ചര്‍ച്ചയാകുകയാണ്. പ്രവചനാതീതതയും നേരത്തെയുള്ള ചികില്‍സയുടെ ആവശ്യവും ടെസ്റ്റിക്യുലാര്‍ ടോർഷനെ മെഡിക്കല്‍ അടിയന്തരാവസ്ഥയാക്കി മാറ്റുന്നത്.

എന്താണ് ടെസ്റ്റിക്യുലാര്‍ ടോർഷൻ?

വൃഷണം തിരിയുകയും ഇതുമൂലം വൃഷണസഞ്ചിയിലേക്കുള്ള രക്തക്കുഴലുകളും ഞരമ്പുകളും അടങ്ങിയ സ്പെർമാറ്റിക് കോർഡ് പിണഞ്ഞു പോകുകയും ചെയ്യുന്ന മെഡിക്കല്‍ അടിയന്തരാവസ്ഥയാണ് ടെസ്റ്റിക്യുലാര്‍ ടോർഷൻ. ഇത് വൃഷണത്തിലേക്കുള്ള രക്തപ്രവാഹത്തെ തടയുകയും വൃഷണത്തിലേക്ക് ഓക്സിജനും മറ്റും എത്താതിരിക്കുകയും ചെയ്യും. രക്ത വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാതെ വന്നാല്‍ വൃഷണ കലകൾ നശിക്കാനും വൃഷണം പ്രവര്‍ത്തന രഹിതമാകാനും സാധ്യതയുണ്ട്.

കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോളോ പരിക്കുകൾ ഏല്‍ക്കുമ്പോളോ അല്ലെങ്കിൽ ഉറങ്ങുമ്പോൾ പോലും ടെസ്റ്റിക്യുലാര്‍ ടോർഷൻ സംഭവിക്കാം. ഏത് പ്രായത്തിലുമുള്ള പുരുഷന്മാര്‍ക്കും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും 12 നും 18 നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതലായി ടെസ്റ്റിക്യുലാര്‍ ടോർഷൻ കണ്ടുവരാറുളളത്.

ലക്ഷണങ്ങൾ 

  • വൃഷണസഞ്ചിയില്‍ പെട്ടെന്നുള്ള കഠിനമായ വേദന
  • വൃഷണസഞ്ചിയില്‍ വീക്കവും ചുവപ്പും
  • ഓക്കാനം, ഛർദ്ദി
  • വൃഷണത്തിന്‍റെ സ്ഥാനമാറ്റം (സാധാരണയേക്കാൾ ഉയർന്നോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു കോണിലേക്കോ സ്ഥാനം മാറുക)
  • അടിവയറ്റില്‍ അസ്വസ്ഥത
  • ഇടയ്ക്കിടെ മൂത്രമൊഴിക്കൽ

ചികില്‍സ

ടെസ്റ്റിക്യുലാര്‍ ടോർഷനെ ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥയായി കണക്കാക്കണം. ചികില്‍സ വൈകുന്തോറും വൃഷണം പ്രവര്‍ത്തനക്ഷമമല്ലാതാകാനുള്ള സാധ്യത വര്‍ധിക്കും. ടോർഷന്‍ ഉണ്ടായി 4 മുതല്‍ 6 മണിക്കൂറിനുള്ളിൽ തിരിച്ചറിഞ്ഞാൽ വൃഷണത്തെ സംരക്ഷിക്കാന്‍ കഴിയും. ശസ്ത്രക്രിയയിലൂടെയുള്ള ഡിറ്റോർഷൻ, ഓർക്കിയോപെക്സി എന്നിവയാണ് പ്രാഥമിക ചികിത്സ. അപൂർവ സന്ദർഭങ്ങളിൽ ഡോക്ടർമാർ മാനുവൽ ഡിറ്റോർഷൻ നടത്തിയേക്കാം. പക്ഷേ വൃഷണങ്ങൾ സുരക്ഷിതമാക്കുന്നതിനും ഭാവിയിൽ ടോർഷൻ തടയുന്നതിനും ശസ്ത്രക്രിയ ആവശ്യമാണ്. മണിക്കൂറുകളോളം രക്തയോട്ടം ഇല്ലാതാകുകയും വൃഷണ കലകള്‍ നശിക്കുകയും ചെയ്താല്‍ വൃഷണം പ്രവര്‍ത്തനക്ഷമമല്ലാതാകുകയും നീക്കം ചെയ്യേണ്ടി വരികയും വന്നേക്കാം.

ENGLISH SUMMARY:

Indian cricketer Tilak Varma hospitalized after experiencing severe abdominal pain during Vijay Hazare Trophy. Diagnosed with Testicular Torsion, a medical emergency, he underwent immediate surgery. Learn about the causes, symptoms, and treatment of this condition.