Image Credit: PTI
സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ കൂറ്റന്‍ തോല്‍വി ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് സാരമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ കളിയുമായി സെമി കടക്കില്ലെന്ന് ആരാധര്‍ തീര്‍ത്തുപറയുന്നു. വ്യാഴാഴ്ച സിംബാബ്വെയ്ക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നതുമില്ല. എന്നാല്‍ ടോപ് ഓര്‍ഡറിലെ ദൗര്‍ബല്യം പരിഹരിക്കാതെ ഇന്ത്യ എന്ത് ചെയ്യുമെന്നാണ് മുന്‍താരങ്ങളും ചോദ്യം ഉയര്‍ത്തുന്നത്. സെമി കടക്കണമെങ്കില്‍ പ്ലാന്‍ ബി കൂടിയേ തീരൂവെന്നതാണ് വാസ്തവം.
ഓഫ് സ്പിന്നിന് മുന്നില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ തകരുകയാണ്. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും സ്പിന്നിന് മുന്നില്‍ ഓപ്പണര്‍മാരില്‍ ഒരാള്‍ പൂജ്യത്തിന് പുറത്തായി. രണ്ടുവട്ടം അഭിഷേകായിരുന്നുവെങ്കില്‍ ബാറ്റണ്‍ കൈമാറിയത് പോലെ കഴിഞ്ഞ കളിയില്‍ ഇഷാന്‍ കിഷന്‍ പുറത്ത്. നിലവിലെ ടീമില്‍ മാറ്റം വരുത്താതെ രണ്ട് ഇടങ്കയ്യന്‍ ഓപ്പണര്‍മാരുമായി തന്നെ ഇറങ്ങാനാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ സിക്കന്ദര്‍ റാസയും ബ്രിയന്‍ ബെന്നെറ്റും കരുതിയിരിപ്പുണ്ട്. അത് മറികടക്കണമെങ്കില്‍ ഇന്ത്യയ്ക്ക് വലങ്കയ്യന്‍ ബാറ്റര്‍ വേണം. അവിടെയാണ് സഞ്ജുവിന്‍റെ പ്രസക്തി. ടീമിനൊപ്പമുള്ള സഞ്ജുവിനെ ഇതുവരെ നമീബിയയ്ക്കെതിരെ മാത്രമാണ് ഇന്ത്യ ഇറക്കിയത്. ആ കളിയിലാവട്ടെ എട്ടുപന്തില്‍ നിന്ന് 22 റണ്‍സ് സഞ്ജു അടിക്കുകയും ചെയ്തു. അഭിഷേകിന് വയറ്റില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് വിശ്രമം അനുവദിച്ചതോടെയാണ് അന്ന് സഞ്ജു ഇറങ്ങിയത്. സഞ്ജു ഇറങ്ങിയാല്‍ സ്പിന്‍ പേടി ഇന്ത്യയ്ക്ക് ഒഴിവാക്കാം. അഭിഷേകിന് വലിയ ആശ്വാസവുമാകും.
സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കിയാല്‍ ഇഷാന്‍ കിഷനെ എന്തു ചെയ്യുമെന്ന ചോദ്യവും മാനേജ്മെന്‍റിന് മുന്നിലുണ്ട്. വണ്‍ ഡൗണായി ഇറങ്ങുന്ന തിലക് വര്‍മയെ മാറ്റി ഇഷാനെ മൂന്നാമനായി ഇറക്കുകയാണ് പരിഹാരം. 90 പന്തില്‍ നിന്ന് 107 റണ്‍സാണ് തിലക് വര്‍മ ഇതുവരെ നേടിയത്. 119 ആണ് സ്ട്രൈക്ക്റേറ്റ്. 27 പന്തില്‍ നിന്ന് നേടിയ 31 റണ്‍സാണ് ലോകകപ്പില്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ന്യൂസീലന്‍ഡ് പരമ്പരയില്‍ മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ സെഞ്ചറിയും 32 പന്തില്‍ നിന്ന് 76 റണ്‍സും നേടിയിരുന്നു. ഐപിഎലിലും മൂന്നാമനായാണ് ഇഷാന്‍ ഇറങ്ങുന്നത്.
എന്നാല്‍ ആദ്യം ഏത് ഓപ്പണര്‍ പുറത്താകുന്നു എന്നതിനെ ആശ്രയിച്ചേ ഇഷാനെ ഇറക്കാനാവൂ എന്നതാണ് മറ്റൊരു കാര്യം. ലെഫ്റ്റ്–റൈറ്റ് കോമ്പിനേഷന്‍ നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുമെന്നും മുന്‍താരങ്ങള്‍ പറയുന്നു. സൂര്യകുമാര്‍ നേരത്തെ ഇറങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടെങ്കിലും ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോവുകയെന്ന ദൗത്യമാണ് ക്യാപ്റ്റന്‍ ഇപ്പോള്‍ ചെയ്യുന്നത്. സിംബാബ്വെയുടെ പേസ് ദ്വയത്തെ നേരിടുകയാണ് സൂര്യയ്ക്ക് മുന്നിലെ വെല്ലുവിളി. ശിവം ദുബെയെ അഞ്ചാമനായി ഇറക്കിയേക്കുമെന്നും സൂചനയുണ്ട്.
അക്സര്‍ പട്ടേലോ അതോ വാഷിങ്ടണ്‍ സുന്ദറോ? ആരാകും സിംബാബ്വെയ്ക്കെതിരെ ഇറങ്ങുകയെന്നതാണ് മറ്റൊരു ചര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടങ്കയ്യന്‍മാരുണ്ടെന്നത് കണക്കിലെടുത്താണ് ഇന്ത്യ, വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയത്. ഇത് പാളുകയും ചെയ്തു. സിംബാബ്വെയ്ക്കാവട്ടെ, ടോപ് സെവനിലെ അഞ്ചുപേരും വലങ്കയ്യന്‍ ബാറ്റര്‍മാരാണ്. അതുകൊണ്ട് അക്സര്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും.
അച്ചടക്കമുള്ള ബോളിങാണ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തകര്‍ന്നപ്പോഴും ഇന്ത്യയെ തുണച്ചത്.പക്ഷേ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മധ്യ ഓവറുകളില്‍ ഇന്ത്യ വിയര്‍ത്തു. കുല്‍ദീപ് യാദവിന്‍റെ അഭാവം പ്രകടമായി. വരുണ്‍ ചക്രവര്‍ത്തിയാവട്ടെ കടുത്ത സമ്മര്‍ദത്തിലുമായി. പാക്കിസ്ഥാനെതിരെ ഇറക്കിയ കോമ്പിനേഷന്‍ ബോളിങില്‍ തിരികെ കൊണ്ടുവരണമെന്നാണ് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെടുന്നത്. അക്സര്‍, കുല്‍ദീപ്, വരുണ്‍ എന്നീ സ്പിന്നര്‍മാരും ബുംറ, ഹാര്‍ദിക്, ദുബെ എന്നിവര്‍ പേസും ഉറപ്പാക്കുമ്പോള്‍ ബോളിങ് ഭദ്രമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനെല്ലാം പുറമെ സമ്മര്‍ദത്തെയും പരിഭ്രമത്തെയും നേരിടാന്‍ താരങ്ങള്‍ക്ക് കഴിയണമെന്നും അല്ലെങ്കില്‍ മുഹമ്മദ് ആമിര്‍ പറഞ്ഞത് പോലെ സെമി കാണാതെ മടങ്ങേണ്ടി വരും.