Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025
India's Tilak Varma celebrates after winning the Asia Cup REUTERS/Satish Kumar

Cricket - Asia Cup - Final - India v Pakistan - Dubai International Cricket Stadium, Dubai, United Arab Emirates - September 28, 2025 India's Tilak Varma celebrates after winning the Asia Cup REUTERS/Satish Kumar

ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്ക് ആഴ്ചകള്‍ ശേഷിക്കെ ഇന്ത്യന്‍ താരം തിലക് വര്‍മയ്ക്ക് പരുക്ക്. വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താരത്തിന് പരുക്കേറ്റത്. അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്കാനിങിന് വിധേയനാക്കിയ താരത്തിന് ടെസ്റ്റിക്യുലര്‍ ടോര്‍സിയന്‍ സ്ഥിരീകരിച്ചു.

'രാജ്കോട്ടില്‍ വച്ച് കഠിനമായ വൃഷണ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിലക് വര്‍മയെ ഗോകുല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടെസ്റ്റിക്യുലര്‍ ടോര്‍സിയന്‍ ആണെന്ന് സ്ഥിരീകരിച്ചു. അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിച്ചു'- എന്ന് ബിസിസിഐ ഉന്നതന്‍ പിടിഐയോട് പറഞ്ഞു. തിലകിന്‍റെ ആരോഗ്യകാര്യത്തില്‍ വിദഗ്ധരുമായി കൂടിയാലോചിച്ചപ്പോള്‍ ഇതേ അഭിപ്രായമാണ് ലഭിച്ചതെന്നും തുടര്‍ന്ന് സര്‍ജറി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് നിലവില്‍ സുഖംപ്രാപിച്ച് വരികയാണ്. ഈ അവസ്ഥയില്‍ തിലകിന് ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21നാണ് അഞ്ചുമല്‍സരങ്ങളുടെ പരമ്പര ആരംഭിക്കുക. അതേസമയം, തിലകിന് പകരക്കാരന്‍ ആരാകുമെന്നതില്‍ മാനേജ്മെന്‍റില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഗില്ലിനെ ചിലര്‍ പകരക്കാരനായി നിര്‍ദേശിച്ചെങ്കിലും ഇത് ഗില്ലിനെ അപമാനിക്കുന്നതിന് തുല്യമാകുമെന്നാണ് സിലക്ടര്‍മാരുടെ വിലയിരുത്തല്‍. മാത്രവുമല്ല, ഏതെങ്കിലും സാഹചര്യത്തില്‍ ഫിറ്റ്നസ് വീണ്ടെടുത്ത് തിലക് മടങ്ങിയെത്തിയാല്‍ ഗില്ലിനെ പുറത്തിരുത്തുന്നത് വീണ്ടും വിവാദങ്ങള്‍ക്കിടയാക്കിയേക്കുമെന്നും സിലക്ടര്‍മാര്‍ ഭയക്കുന്നു. അങ്ങനെയെങ്കില്‍ നറുക്ക് ശ്രേയസ് അയ്യര്‍ക്ക് വീണേക്കും. പരുക്ക് ഭേദമായി കഴിഞ്ഞ ദിവസം വിജയ് ഹസാരെയില്‍ ഇറങ്ങിയ താരം 53 പന്തുകളില്‍ നിന്ന് 83 റണ്‍സ് നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന ടീമില്‍ ശ്രേയസ് നേരത്തെ ഇടംപിടിച്ചിരുന്നു. ഞായറാഴ്ച വഡോദരയിലാകും മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. 

ENGLISH SUMMARY:

Indian cricketer Tilak Varma underwent emergency surgery for Testicular Torsion during the Vijay Hazare Trophy. He is ruled out of the upcoming T20 series against New Zealand starting Jan 21. Shreyas Iyer is the frontrunner to replace him in the squad.