Image Credit: Arshdeep/instagram (left), AFP (right)
പ്രതികാരം അത് വീട്ടാനുള്ളതാണെന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന ഒന്നിലേറെ സംഭവങ്ങളാണ് ഇന്നലെ ഏഷ്യകപ്പ് ഫൈനലിനിടെയും ശേഷവും ഗ്രൗണ്ടിലുണ്ടായത്. റൗഫിന്‍റെ വിമാനത്തിന് ബുംറയുടെ തിരിച്ചടിക്ക് പിന്നാലെ അബ്രാറിനെ നിര്‍ത്തി 'അപമാനിക്കുന്ന' അര്‍ഷ്ദീപിന്റെയും ജിതേഷിന്‍റെയും ഹര്‍ഷിതിന്‍റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
കളിയുടെ പതിമൂന്നാം ഓവറില്‍ 24 റണ്‍സെടുത്ത് നില്‍ക്കവേയാണ് സഞ്ജു സാംസണിനെ അബ്രാര്‍ പുറത്താക്കിയത്. 62/4 എന്ന നിലയില്‍ പരുങ്ങലിലേക്കാണ് ഇന്ത്യ ആ സമയം വീണത്. സഞ്ജു മടങ്ങിയതും ഡഗൗട്ടിലേക്ക് നോക്കി തലയല്‍പ്പം വെട്ടിച്ചുള്ള തന്‍റെ ട്രേഡ് മാര്‍ക്ക് ആഘോഷം അബ്രാര്‍ പുറത്തെടുത്തു. എന്നാല്‍ ഇത് വേണ്ടിയിരുന്നില്ലെന്ന് കളി കഴിഞ്ഞതോടെ അബ്രാറിന് തോന്നിയിട്ടുണ്ടാവണം. തിലകിനൊപ്പം ശിവം ദുബെ ഉറച്ച് നിന്ന് വിജയം ഉറപ്പിക്കുകയും പിന്നാലെ എത്തിയ റിങ്കു സിങ് വിജയറണ്‍ കണ്ടെത്തുകയും ചെയ്തതോടെ വൈറല്‍ നിമിഷം പിറക്കുകയായിരുന്നു. ഗ്രൗണ്ടിലിറങ്ങി നിന്ന അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും സഞ്ജുവിനെ പിടിച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം അബ്രാറിന്‍റെ ' ആഘോഷം' അനുകരിച്ചു. നോ കോണ്‍ടെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപ് വിഡിയോ പങ്കിട്ടത്. അതിവേഗം ആരാധകര്‍ ആഘോഷം ഏറ്റെടുത്തു.
എത്ര പെട്ടെന്നാണ് ഇത് വിഡിയോയാക്കി പോസ്റ്റ് ചെയ്തതെന്ന് ഒരാളും ബെസ്റ്റ് ഇന്‍ റോസ്റ്റിങ് എന്ന് മറ്റൊരാളും കുറിച്ചു. വിഡിയോ കണ്ട് ചിരിച്ച് മതിയായില്ലെന്നായിരുന്നു കമന്‍റുകളിലൊന്ന്. ഇന്ത്യ–പാക് ഫൈനലിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ആരാധകര്‍ കുറിക്കുന്നു. ഹസ്തദാനത്തിലും ആംഗ്യങ്ങളിവും വാക്പോരിലും തുടങ്ങിയ ഫൈനലിലും സജീവമായി. എസിസി പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം തീരുമാനിച്ചതോടെ ചടങ്ങ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ട്രോഫിയും മെഡലുമില്ലാതെയായിരുന്നു ഇന്ത്യയുടെ ആഘോഷം. നഖ്വി ഗ്രൗണ്ടിലേക്ക് വന്നതും ഇന്ത്യന്‍ ആരാധകര്‍ ഭാരത് മാതാ കീ ജയ് എന്നുറക്കെ വിളിക്കാന്‍ തുടങ്ങി. നഖ്വിക്ക് പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്ന് ട്രോഫി വാങ്ങാമെന്ന് ഇന്ത്യ അറിയിച്ചുവെങ്കിലും ഏഷ്യാകപ്പ് ട്രോഫി എടുത്തുകൊണ്ടു പോകാന്‍ നഖ്വി ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയായിരുന്നു.