അങ്ങനെ ഫൈനലിലും ഇന്ത്യ ജയിച്ചു. പല പല മാനങ്ങൾ മാറിമറിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യ ചാമ്പ്യൻമാർ. 41വർഷത്ത ചരിത്രത്തിൽ ഒരിക്കലും നടക്കാതെ പോയ ഒരു മോഹഫൈനൽ. മുൻപും മറ്റ് ടൂർണമെൻ്റുകളിലടക്കം ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഉണ്ടായിട്ടുണ്ട്. ഋഷികേശ് കനിത്കറുടെ ബൗണ്ടറിയിൽ, ധാക്കയിൽ ഇൻഡിപെൻഡൻസ് ഇന്ത്യ ജേതാക്കളാകുമ്പോൾ കണ്ടത് കളിയായിരുന്നു. ലോകകപ്പിൽ സച്ചിനും, സെവാഗും അക്രത്തേയും, വഖാറിനേയുമൊക്കെ നേരിടുമ്പോഴും കണ്ടത് കളിതന്നെ. അവിടെ ആവേശമുണ്ടായിരുന്നു. ആകാംക്ഷയുണ്ടായിരുന്നു.
ഒന്നു ചോദിക്കട്ടെ ഈ ഏഷ്യ കപ്പിൽ നിങ്ങളിലെത്ര പേർ കളി കണ്ടു? കളിയെ കളിയായ് കണ്ട എത്ര പേരുണ്ടാകും. കളിക്കപ്പുറം നിറഞ്ഞത് മുഴുവൻ പുറത്തെ കളിയായിരുന്നില്ലേ. ഇത്രയേറെ രാഷ്ട്രീയം നിറഞ്ഞ ഒരു മത്സരം മുമ്പുണ്ടായിട്ടുണ്ടോ? ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോൾ നിങ്ങളുടെ മനസിലെന്തായിരുന്നു. പാക്കിസ്ഥാൻ കളിക്കാർ പന്ത് ഗ്യാലറിയിലെത്തിക്കുമ്പോൾ നിങ്ങളുടെ മനസിൽ എന്തായിരുന്നു? 20ന് 3 എന്ന ഇന്ത്യൻ നില കണ്ടപ്പോൾ എന്താണ് ചിന്തിച്ചത്?
ഇതിനിടയിൽ കൈ കുഴയിൽ ജാലവിദ്യയൊളിപ്പിച്ച കുൽദീപ് യാദവിൻ്റെ ഇന്ദ്രജാലം കാണാൻ നിങ്ങൾ മറന്നുപോയിരുന്നോ. തിലക് വർമയുടെ ക്ഷമയും, ഷോട്ടുകളുടെ തിരഞ്ഞെടുപ്പും, നിർണായക സമയത്ത് പ്രകടമാക്കിയ പക്വതയും നിങ്ങൾ ശ്രദ്ധിച്ചിരുന്നോ.
ഡയലോഗുകളിൽ പഞ്ചു കാട്ടിയപ്പോഴും ബാറ്റർ എന്ന നിലയിൽ പരാജയപ്പെട്ട സൂര്യകുമാർ യാദവിനെ കണ്ടിരുന്നോ. സഞ്ജു സാംസൺ നേരിട്ട പ്രതിസന്ധികൾ നോക്കിയിരുന്നോ. നമുക്കിടയിലെ മത്സരം ക്രിക്കറ്റിനെ നഷ്ടപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.