നിശ്ചിത ഓവറിലെ വെടിക്കെട്ട് ശ്രീലങ്കയ്ക്ക് സൂപ്പര്‍ ഓവറില്‍ തുടരാനായില്ല. സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിലേക്ക് ചുരുങ്ങിയ ശ്രീലങ്കയെ ആദ്യ പന്തില്‍ തോല്‍പ്പിച്ച്, തോല്‍വി അറിയാതെ ഇന്ത്യ ഫൈനലിലേക്ക്. സൂപ്പര്‍ ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. രണ്ട് റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ് രണ്ട് വിക്കറ്റെടുത്തു.
സൂപ്പര്‍ ഓവറില്‍ ആദ്യ പന്തില്‍ തകര്‍പ്പനടിച്ച് ശ്രമിച്ച കുശാല്‍ മെന്‍ഡിസിനെ റിങ്കു സിങ് ക്യാച്ചെടുത്ത് പുറത്താക്കി. രണ്ടാം പന്തില്‍ നേടിയ സിംഗിളും നാലാം പന്തിലെ വൈഡും അടക്കമാണ് ശ്രീലങ്ക നേടിയ രണ്ടു റണ്‍സ്. അഞ്ചാം പന്തില്‍ ദാസുൻ ഷനക കൂടി പുറത്തായതോടെ സൂപ്പര്‍ ഓവറിലെ ശ്രീലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവും ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്ത് സൂര്യകുമാര്‍ ഇന്ത്യയെ വിജയത്തിെലത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 31 പന്തില്‍ 61 റണ്‍സെടുത്തു. 39 റണ്‍സെടുത്ത സഞ്ജു സാംസണും 49 റണ്‍സെടുത്ത തിലക് വര്‍മയും ചേര്‍ന്ന ഇന്നിങ്സാണ് ഇന്ത്യയുടെ സ്കോറിങിന് വേഗം കൂട്ടിയത്. അകസര്‍ പട്ടേല്‍ 15 പന്തില്‍ 21 റണ്‍സെടുത്തു.
പാതും നിസ്സങ്കയുടെ സെഞ്ചറിയുടെ മികവിലാണ് ശ്രീലങ്ക ഇന്ത്യന്‍ സ്കോറിനൊപ്പമെത്തിയത്. ഓപ്പണര്‍ പതും നിസ്സങ്ക 58 പന്തില്‍ 107 റണ്‍സെടുത്തു. 58 റണ്‍സെടുത്ത കുശാല്‍ പെരേരയുമായി 134 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് നിസ്സങ്ക ഉണ്ടാക്കിയത്. ദാസുൻ ഷനക 22 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നിസ്സങ്കയാണ് മാന്‍ ഓഫ് ദി മാച്ച്.