ഒരുകഥ പറയാം. 2004ഏതൻസ് ഒളിംപിക്സ്. പുരുഷ മാരത്തണിൽ ഒരു ബ്രസീലുകാരൻ്റെ ആദ്യ ഒളിംപിക് സ്വപ്നമെന്ന ചരിത്രനേട്ടത്തിലേയ്ക്ക് കുതിക്കുകയാണ്, വാണ്ടർലി ഡി ലിമെ. ഫിനിഷിങ് പോയിൻറിലേയ്ക്കടുക്കെ 25 സെക്കന്റ് സമയത്തിന് മുന്നിലാണ് ലിമെ. ഓടിത്തീർക്കാൻ ഇനി അധികദൂരമില്ല. ലിമയ്ക്ക് മുന്നിൽ ഒരുപൊൻ തിളക്കം കാണാം. അത് തൊട്ടരികിലെത്തുന്നു. പൊടുന്നനെ ലിമയുടെ, ബ്രസീലിൻറെയും സ്വപ്നങ്ങളെ തച്ചുടച്ച് ഒരാൾ ലിമയെ തടസപ്പെടുത്തുന്നു. ഒരു ഇറ്റലിക്കാരനും, ഒരു അമേരിക്കക്കാരനും ലിമയെ മറികടന്ന് അന്ന് സ്വർണവും, വെള്ളിയും നേടി. തന്നെ തസടപ്പെടുത്തിയ ആളിൽ നിന്ന് കുതറിയോടിയ ലിമ ഏട്ടു സെക്കൻറ് വ്യത്യാസത്തിൽ വെങ്കലം തൊട്ടു.
കാലമങ്ങനെയാണ്. മുന്നിൽ വരുന്ന നേട്ടങ്ങളെ തടസപ്പെടുത്താൻ അങ്ങനെ ആരെയെങ്കിലുമൊക്കെ നിയോഗിക്കും. ഏഷ്യകപ്പ് ക്രിക്കറ്റിൽ സഞ്ജുവിൻറെ മാറുന്ന സ്ഥാനവും, ദുർലഭമാകുന്ന അവസരവും കണ്ടപ്പോൾ ഓർത്തതാണ് ലിമയെ. സഞ്ജുവായി ജീവിക്കൂ എന്നത് എളുപ്പമുള്ള കാര്യമല്ല. സഞ്ജുവായി നിലനിൽക്കുക എന്നതും എളുപ്പമല്ല. സോഷ്യൽ മീഡിയയിൽ സഞ്ജുവിനെക്കുറിച്ച് നിറയുന്ന കമൻറുകളിങ്ങനെയൊക്കെയാണ്.
ബാറ്റർമാർ ഓരോന്ന് ബാറ്റു ചെയ്യുന്നതും, പുറത്തായി തിരിച്ചെത്തുന്നതും അവസാന പതിനൊന്നിലുണ്ടായിട്ടും അയാളിങ്ങനെ കണ്ടിരിക്കുകയാണ്. ഇന്ത്യൻ ടീമിലെ ഒരുടോപ്പ് ഓർഡർ ബാറ്ററാണ് ബാറ്റിങ്ങിൽ സ്ഥാനമില്ലാതെ ഇങ്ങനെ കാഴ്ചക്കാരനാകുന്നത്. അതും ഒരു കലണ്ടർ വർഷത്തിൽ ടി 20 യിൽ മൂന്നു സെഞ്ച്വറി കുറിച്ചയാൾ.
എവിടെയാണ് ശരിക്കും അയാളുടെ പൊസിഷൻ. എന്താണയാളുടെ ദൗത്യം. ഉത്തരം പറയേണ്ടത് ക്യാപ്ടനും, കോച്ചുമൊക്കെയാണ്.
വില്ലൻ, ജോക്കർ വേഷങ്ങളും തനിക്കിണങ്ങുമെന്ന് വെറുതെ പറഞ്ഞതല്ല അയാൾ. സ്ഥിരതയോടെ, താളത്തിൽ ഓട്ടം തുടരുന്ന അയാളെ നിങ്ങളെന്തിനാണ് ട്രാക്കിൽ നിന്ന് പുറത്തേയ്ക്ക് തള്ളിയിടുന്നത്?