Mumbai: India's Jasprit Bumrah bowls during the ICC Men's T20 World Cup 2026 second semifinal cricket match between India and England, at the Wankhede Stadium, in Mumbai, Maharashtra, Thursday, March 5, 2026. (PTI Photo/Kunal Patil)(PTI03_05_2026_000768A)

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കുള്ളതും മറ്റ് ടീമുകള്‍ക്കില്ലാതെ പോയതും ജസ്പ്രീത് ബുംറയെന്ന ഇതിഹാസ താരമെന്ന് ആരാധകര്‍. നോക്കൗട്ടില്‍ ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്കോര്‍  അതിവേഗത്തിലാണ് ഇംഗ്ലണ്ട് പിന്തുടര്‍ന്നെത്തിയത്. ഒരുവേള മല്‍സരം കൈവിട്ടുപോകുമോയെന്ന് പോലും തോന്നിപ്പോയ സമയങ്ങള്‍. രണ്ട് ലോ ഫുള്‍ടോസുകളും നാല് യോര്‍ക്കറുകളും..ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത അസാമാന്യ ഓവര്‍. കളിയുടെ ഗതി തന്നെ താരം മാറ്റി വരച്ചു. ബുംറയുടെ അസാധ്യ പ്രകടനത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. '500 റണ്‍സിനടുത്ത് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയ ഒരു മല്‍സരത്തില്‍ കളിയിലെ കേമന്‍ ജസ്പ്രീത് ബുംറയാണ്. 8.25 ആണ് ഇക്കോണമി. ബുംറ, ബുംറ മാത്രമാണ് വ്യത്യാസം' – എന്നായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍റെ പ്രതികരണം. 

സെമിയിലെ മാസ്മരിക പ്രകടനത്തോടെ പുത്തന്‍ റെക്കോര്‍ഡുകളും ബുംറ സ്വന്തം പേരിലാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന നേട്ടം ഇംഗ്ലണ്ടിനെതിരെ അഞ്ചാം ഓവറില്‍ ബുംറ നേടി. നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് ബുംറ. അനില്‍ കുംബ്ലെ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിങ്, കപില്‍ ദേവ്, രവീന്ദ്ര ജഡേജ, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

2016  ജനുവരി 23നാണ് ബുംറ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 52 ടെസ്റ്റുകളില്‍ നിന്നായി 234 വിക്കറ്റുകള്‍, 89 ഏകദിനത്തില്‍ നിന്ന് 149 വിക്കറ്റുകള്‍ 94 ട്വന്‍റി 20കളില്‍ നിന്ന് 117 വിക്കറ്റ് എന്നിങ്ങനെയാണ് ബുംറയുടെ നേട്ടം.

ആര്‍ച്ചറും വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം ബാറ്റര്‍മാരുടെ പ്രഹരമേറ്റ് വലഞ്ഞൊരു പിച്ചില്‍ നാലോവറില്‍ ബുംറ വഴങ്ങിയത് 33 റണ്‍സാണ്. ഒരു വിക്കറ്റും നേടി. ഡെത്ത് ഓവറുകളിലെ ബുംറയുടെ മനസാന്നിധ്യവും പ്രകടനവുമാണ് ടീം ഇന്ത്യയുടെ പ്ലസ് പോയിന്‍റെന്നതാണ് വാസ്തവം. മാന്‍ ഓഫ് ദ് മാച്ച് ഏറ്റുവാങ്ങുമ്പോള്‍ സഞ്ജു സാംസണും ഇക്കാര്യം ചൂണ്ടിക്കാട്ടി. ' ഡെത്ത് ഓവറുകളില്‍ ബുംറയില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു. ഈ പുരസ്കാരം അദ്ദേഹത്തിന്‍റേതാണ്. തലമുറയിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭയാണ് ബുംറ. പുരസ്കാരം ബുംറയ്ക്ക് അവകാശപ്പെട്ടതാണ്' എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. ലോകകപ്പിലെ ആറുമല്‍സരങ്ങളില്‍ നിന്നായി പത്തുവിക്കറ്റുകളാണ് ബുംറ നേടിയത്. ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ബുംറയാണ്.

ENGLISH SUMMARY:

In a high-scoring T20 World Cup 2026 semi-final at Wankhede, Jasprit Bumrah proved why he is a generational talent by reaching the milestone of 500 international wickets on March 6, 2026. While Sanju Samson won the official Player of the Match for his 89, he dedicated the award to Bumrah for his exceptional death-over spell that restricted England's chase. Bumrah became the 8th Indian bowler to enter the elite 500-wicket club, joining legends like Anil Kumble and Kapil Dev. Despite the pitch favoring batters, Bumrah maintained an economy of 8.25, shifting the momentum with pinpoint yorkers. Experts like Irfan Pathan and the global cricket community are calling Bumrah the 'X-factor' that differentiates India from other teams. With 10 wickets in the tournament so far, he remains India's leading wicket-taker in T20 World Cup history.