ഇന്നലെ നടന്ന നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ 41 റണ്‍സ് ജയം സ്വന്തമാക്കി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചെങ്കിലും മലയാളി ക്രിക്കറ്റ് ആരാധകര്‍ നിരാശയിലാണ്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ബാറ്റിങ്ങ് ഓര്‍ഡറാണ് ആരാധകര്‍ക്ക് കല്ലുകടി ആയത്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും മലയാളി താരം സഞ്ജു സാംസണെ ബാറ്റിങ്ങിനിറക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
അഭിഷേകിന്‍റെ അര്‍ധസെഞ്ച്വറിയില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയിലെ ബാറ്റര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അഭിഷേകിനും ഗില്ലിനും ശേഷം ഇറങ്ങിയ ദുബെയുടെ പ്രകടനമാണ് ആരാധകരെ പ്രകോപിതരാക്കിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. നായകന്‍ സൂര്യകുമാറും അഞ്ച് റണ്‍സെടുത്ത് കളമൊഴിഞ്ഞു. തിലകിനെ ബെഞ്ചിലിരുത്തി പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കാകട്ടെ ഏഴുപന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് നേടാനായത്. തിലക് പുറത്തായിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജുവിന് പകരം അക്ഷര്‍ പട്ടേലാണ് ക്രീസിലിറങ്ങിയത്. 15 പന്തില്‍ പത്ത് റണ്‍സെടുത്ത് അക്ഷറും നിരാശയായിരുന്നു സമ്മാനിച്ചത്.
വണ്‍ഡൗണായി പലപ്പോഴും മിന്നും പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ബെഞ്ചിലിരുത്തിയതാണ് ആരാധകര്‍ക്ക് വേദനയായത്. സഞ്ജുവിന്‍റെ വിഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. സഞ്ജു സാംസണ്‍ ആയിരിക്കുക എന്നത് അത്ര എളുപ്പമല്ല, സൂര്യകുമാറിന് തന്റെ റെക്കോർഡ് മറികടക്കുമോ എന്ന ഭയമാണ്. മറ്റുള്ളവർക്ക് അവൻ ഇനിയും നന്നായി ബാറ്റ് ചെയ്താൽ ടീമിൽ ഉൾപെടുത്തേണ്ടി വരുമല്ലോ എന്ന വേവലാതിയും, പ്രിയപ്പെട്ട സഞ്ജു നിന്നെ ഒരിക്കലും ടീം ഇന്ത്യ അർഹിക്കുന്നില്ല ഏതെങ്കിലും ചെറിയ രാജ്യത്ത് പോയാൽ സഞ്ജു രാജാവായിരിക്കും എന്നൊക്കെയാണ് കമന്‍റുകള്‍.