വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലാണ് നായകന്‍. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റന്‍. പരുക്കേറ്റ ഋഷഭ് പന്തിനു പകരമാണ് രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനായെത്തുന്നത്. ദേവ്‌ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, എൻ.ജഗദീഷൻ എന്നിവർ ടീമിലുണ്ട്. പേസ് ബൗളർ ജസ്പ്രീത് ബുംറയെയും ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കരുൺ നായർ, ഋഷഭ് പന്ത് എന്നിവർ പുറത്തായി. ഒക്ടോബര്‍ രണ്ടിനാണ് പരമ്പര ആരംഭിക്കുന്നത്.

റെഡ്-ബോൾ ഫോർമാറ്റിൽ നിന്ന് ആറ് മാസത്തെ ഇടവേള അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചതിനെത്തുടർന്ന് ശ്രേയസ് അയ്യരെ സെലക്ഷനായി പരിഗണിച്ചികുന്നില്ല. മികച്ച ഫോമിലുള്ള തമിഴ്‌നാട് ബാറ്റ്‌സ്മാൻ എൻ.ജഗദീഷനാണ് രണ്ടാമത്തെ വിക്കറ്റ് കീപ്പർ. ഇഷാൻ കിഷന് ഇത്തവണ സ്ഥാനമില്ല. ധ്രുവ് ജുറേലാണ് ഒന്നാം വിക്കറ്റ് കീപ്പർ. ഇന്ത്യ എ ടീമിലെ മികച്ച പ്രകടനമാണ് ദേവ്‌ദത്ത് പടിക്കലിനു വീണ്ടും ടീമിലേക്ക് വാതിൽ തുറന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതോടെയാണ് കരുൺ നായർക്കു ടീമിലെ സ്ഥാനം നഷ്ടമായത്. പരുക്ക് ഭേദമായതോടെയാണ് നിതീഷ് കുമാർ റെഡ്ഡി തിരിച്ചെത്തുകയും ചെയ്തു.

ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പേസ് ബൗളർ ജസ്പ്രീത് ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ബുമ്രയ്ക്കു വിശ്രമം അനുവദിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ മറ്റു പേസർമാർ. കുൽദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലുണ്ട്. ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, വാഷിങ്ടൻ‌ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരുമുണ്ട്. ഗില്ലിനെ കൂടാതെ കെ.എൽ.രാഹുൽ, യശ്വസി ജയ്സ്വാൾ, സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ എന്നിവരാണ് സ്പെഷലിസ്റ്റ് ബാറ്റർമാർ.

ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശ്വസി ജയ്‌സ്വാൾ, കെ.എൽ.രാഹുൽ. സായ് സുദർശൻ, ദേവ്‍ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജ‍ഡേജ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ.ജഗദീഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്

ENGLISH SUMMARY:

The BCCI has announced India’s Test squad for the upcoming series against West Indies starting October 2. Shubman Gill will lead the team, while Ravindra Jadeja has been named vice-captain in place of the injured Rishabh Pant. The squad includes young talents like Devdutt Padikkal, Nitish Kumar Reddy, and N. Jagadeesan, with Dhruv Jurel as the first-choice wicketkeeper. Jasprit Bumrah returns despite fitness concerns, alongside pacers Mohammed Siraj and Prasidh Krishna. Karun Nair and Rishabh Pant miss out, while Kuldeep Yadav, Washington Sundar, and Axar Patel strengthen the spin department.