ഇന്നലത്തെ ട്രെന്‍ഡ് ഇന്നും നിലനിര്‍ത്തി ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില. ഇന്ന് രാവിലെ കുറഞ്ഞ വിലയാണ് ഉച്ചയോടെ കൂടിയത്. രാവിലെ പവന് 1040 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,11,280 രൂപയായിരുന്നു വില. എന്നാല്‍ 1,600 രൂപ ഉച്ചയോടെ വര്‍ധിച്ചു. ഇതോടെ ഉച്ചയ്ക്ക് പവന് 1,12,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് രാവിലെ 130 രൂപ കുറഞ്ഞ് 14040 രൂപയിലായിരുന്നു വ്യാപാരം. എന്നാല്‍ ഉച്ചയ്ക്ക് 200 രൂപ വര്‍ധിച്ച് 14,110 രൂപയിലാണ് വ്യാപാരം.
ഇന്നലെ ഒറ്റ ദിവസം കൊണ്ട് നാലു വട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവില മാറിമറിഞ്ഞത്. ഇന്നും അതേ ട്രെന്‍ഡാണ് സ്വര്‍ണവില തുടരുന്നത്. രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് കൂടി. ഇന്നലെ രാവിലെ പവന് 6640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 ല്‍ എത്തുകയും ചെയ്തു. പിന്നാലെ ഉച്ചയ്ക്ക് വീണ്ടും വില ഇടിഞ്ഞു. പവന് 3,200 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. ഇതോടെ ഇന്നലെ ഉച്ചവരെ ഇടിഞ്ഞത് ആകെ 9,840 രൂപ. പവന് 1,07,920 രൂപയിലായിരുന്നു ഇന്നലെ ഉച്ചയ്ക്ക് വ്യാപാരം.
ഈ കനത്ത വിലയിടിവ് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം പവന് വില പവന് 1.10 ലക്ഷത്തിന് താഴെയെത്തിയതോടെ ഒരുവേള സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്കിറങ്ങുമെന്നും ഉപയോക്താക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് വൈകീട്ടോടെയാണ്. വൈകീട്ട് കുറഞ്ഞ വില തിരിച്ച് കയറാന്‍ ആരംഭിച്ചു.
പവന് 2000 രൂപയുടെ വര്‍ധനവാണ് ഇന്നലെ വൈകീട്ട് ആദ്യം ഉണ്ടായത്. ഇതോടെ പവന് 1,09,920 രൂപയായി വില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമായി. എന്നാല്‍ തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കകം വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 400 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,320 രൂപയായി. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 14,040 രൂപയുമായി. വീണ്ടും വില പവന് 1.10 ലക്ഷത്തിന് മുകളിലെത്തി. ഒടുവില്‍ ഇന്ന് രാവിലെ വീണ്ടും വിലയിറങ്ങിയെങ്കിലും പവന് 1.10 ലക്ഷത്തിന് മുകളില്‍ തന്നെ വില തുടര്‍ന്നു. പിന്നാലെ രാവിലെ കുറഞ്ഞതിനേക്കാള്‍ ഉച്ചയ്ക്ക് കൂടുകയും ചെയ്തു. ഇതോടെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയെത്തിയ വിലയേക്കാള്‍ ഉയരത്തിലാണ് സ്വര്‍ണവില.
രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിൽ നിലനിർത്തുന്നത്. എന്നാൽ, വില കുറയുന്ന അവസരം മുതലെടുത്ത് ചിലർ വാങ്ങിക്കൂട്ടൽ (ബയ് ദ ഡിപ്) നടത്തുന്നത് വിലിയിടിവിന് തടസ്സവുമാകുന്നു. ഇതാണ് വിലയിലെ ചാഞ്ചാട്ടത്തിനും കാരണം. ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി. 1,31,160 രൂപയായിരുന്നു വില.