File photo
റാപ്പിഡ് റെയില്‍ ഉത്തരവിറങ്ങി. മന്ത്രിസഭായോഗ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി. 1.92 ലക്ഷം കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാണ് ആദ്യഘട്ടം.പദ്ധതി നാലുഘട്ടങ്ങളായി നടപ്പാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മീ. പാതയാണ് ലക്ഷ്യമിടുന്നത്.
സില്‍വര്‍ ലൈനിന് പകരമായാണ് ഡല്‍ഹി- മീററ്റ് മാതൃകയില്‍ റാപിഡ് റെയില്‍ ട്രാൻസിറ്റ് പദ്ധതി മന്ത്രിസഭായോഗത്തില്‍ കേരളം പ്രഖ്യാപിച്ചത്. ശ്രീധരന്‍ മുന്നോട്ട് വെച്ച ആശയത്തെ ഗൗനിക്കാതെയാണ് തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ സംസ്ഥാനം റാപ്പിഡ് റെയില്‍ പ്രഖ്യാപിച്ചത്. ഇ ശ്രീധരന്‍റെ അതിവേഗ റയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുമെന്ന് മനസിലാക്കിയതാണ് ബജറ്റിന് തലേദിവസം അതിവേഗം ആര്‍ ആര്‍ ടി എസ് പ്രഖ്യാപിച്ചത്. സില്‍വര്‍ ലൈനിലെ എതിര്‍പ്പുകള്‍ മനസിലാക്കി പൂര്‍ണമായും തൂണുകളിലൂടയും തുരങ്കത്തിലൂടെയുമാണ് റാപ്പിഡ് റയില്‍ നടപ്പാക്കുക.
Also Read: എന്താണ് ആർ.ആർ.ടി.എസ്? മെട്രോയേക്കാൾ വേഗം? പദ്ധതിയുടെ വിശേഷങ്ങൾ
അത്യാവശ്യം വേണ്ടിടത്ത് മാത്രമാവും ഭൂമി ഏറ്റെടുക്കുക. പദ്ധതിയുടെ അനുമതിക്കായി കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സംസ്ഥാനം ഉടന്‍ കത്ത് കൈമാറും. 60 ശതമാനം തുകം ധനകാര്യ സ്ഥാനപങ്ങളില്‍ നിന്ന് വായ്പയെടുക്കും. 20 ശതമാനം തുക സംസ്ഥാനം വഹിക്കും. 20 ശതമാനം കേന്ദ്രസഹായം തേടും .
ഡിപിആർ സമർപ്പിക്കപ്പെടുന്ന പക്ഷം, കേരളത്തിലെ പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ ഉറപ്പ് നൽകിയിരുന്നു. ഗതാഗത വകുപ്പിനാണു പദ്ധതിയുടെ ഏകോപനച്ചുമതല. സിൽവർലൈൻ പദ്ധതിക്ക് എതിരെ റെയിൽവേ നിലപാട് സ്വീകരിച്ചതോടെയാണു ഡൽഹി– മീററ്റ് റാപ്പിഡ് റെയിൽ മാതൃകയിലുള്ള പദ്ധതിക്കായി കേരളം നീക്കം നടത്തുന്നത്.
അതേസമയം, ആർആർടിഎസ് കേരളത്തിൽ പ്രായോഗികമല്ലെന്നാണ് ഇ.ശ്രീധരന്റെ വാദം. നഗരങ്ങളിൽ മാത്രം പ്രയോജനപ്പെടുന്ന ഇൗ സംവിധാനം കേരളത്തിലുടനീളം നടപ്പാക്കുന്നതുകൊണ്ടു പ്രയോജനമുണ്ടാകില്ല. സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം സംബന്ധിച്ചു തനിക്ക് അറിവില്ലെന്നും ശ്രീധരൻ പ്രതികരിച്ചു. കേന്ദ്ര നിർദേശപ്രകാരം തിരുവനന്തപുരം–കണ്ണൂർ അതിവേഗപാതയുടെ ഡിപിആർ തയാറാക്കുന്ന ജോലികളിലേക്കു താൻ കടക്കുകയാണെന്നും കൂട്ടിച്ചേർത്തു.