സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി നിയമിച്ചു. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പദവി നല്‍കിയത്. പുതിയ മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം പതിനൊന്ന് മന്ത്രിമാരും ചുമതലയേൽക്കും. 

 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ എന്നിവർ പുതിയ മന്ത്രിസഭയിലുണ്ട്. കെ.ജെ.ജോർജ്, യു.ടി. ഖാദർ എന്നീ രണ്ട് മലയാളികളും മന്ത്രിമാരാകും. പൂർണമായ മന്ത്രിസഭാ വികസനം ഈ മാസം 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും.

 

അധികാരക്കൈമാറ്റ പ്രതിസന്ധി മറികടന്നു മുഖ്യമന്ത്രി പദമേറുന്ന ഡി.െക.ശിവകുമാറിനു മുന്നിൽ ഒട്ടേറെ വെല്ലുവിളികൾ മതിൽകെട്ടി നിൽപുണ്ട്. പുതിയ മന്ത്രിസഭയിൽ പകുതി പേരും പുതുമുഖങ്ങളായിരിക്കുമെന്ന സൂചനകൾക്കിടെ, മന്ത്രിസ്ഥാനത്തിനായുള്ള ചരടുവലികൾ സജീവമാണ്. സാമുദായിക, പ്രാദേശിക സമവാക്യങ്ങൾ അളന്നു തൂക്കി വേണം മന്ത്രിസ്ഥാനങ്ങൾ നിർണയിക്കാൻ. ഇതിനു പുറമേ സിദ്ധരാമയ്യ പക്ഷത്തു നിന്നു 15 പേരെയെങ്കിലും ‌ഉൾപ്പെടുത്താൻ സമ്മർദമുണ്ട്. ശിവകുമാർ പക്ഷത്തെ പ്രമുഖർക്കും അർഹമായ സ്ഥാനം ഉറപ്പാക്കേണ്ടി വരും. 

 

സമുദായങ്ങളെ പ്രീണിപ്പിക്കാനായി ഉപമുഖ്യമന്ത്രി പദങ്ങൾ നൽകുന്നതിനെ ശിവകുമാർ എതിർക്കുന്നുണ്ട്. 2018ലെ ദൾ–കോൺഗ്രസ് സഖ്യ സർക്കാരിൽ ജി.പരമേശ്വരയും, സിദ്ധരാമയ്യ സർക്കാരിൽ താനും ഉപമുഖ്യമന്ത്രിയായതു പ്രത്യേക സാഹചര്യത്തിലാണെന്നാണു ശിവകുമാറിന്റെ വാദം. പുതിയ സർക്കാരിൽ ഈ കീഴ്‌വഴക്കം തുടർന്നാൽ പാർട്ടിയിൽ വിഭാഗീയത വളരും. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു കോൺഗ്രസിനെ നയിക്കേണ്ട നേതാവെന്ന നിലയ്ക്ക് ഇതു വലിയ വെല്ലുവിളി ഉയർത്തുമെന്നാണു ശിവകുമാർ ഭയക്കുന്നത്. 

 

അഹിന്ദ ഘടകം പിന്തുണയ്ക്കുമോ?

 

സിദ്ധരാമയ്യയ്ക്കു പിന്നിൽ ശക്തമായി അണിനിരന്നിരുന്ന പിന്നാക്ക, ന്യൂനപക്ഷ, ദലിത് സമുദായങ്ങളുടെ കൂട്ടായ്മയായ അഹിന്ദ ഘടകം ശിവകുമാറിനും പിന്തുണ ഉറപ്പാക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. ഈ വിഭാഗങ്ങളെ കൂടെ നിർ‍ത്താൻ വൊക്കലിഗ സമുദായക്കാരനായ ശിവകുമാർ എന്തു മായാജാലം പുറത്തെടുക്കുമെന്നാണു ബിജെപി– ദൾ പ്രതിപക്ഷ സഖ്യം ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്തുകളെയും വൊക്കലിഗരെയും പിന്നെ ബ്രാഹ്മണ വോട്ടുബാങ്കിനെയും ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ഹിന്ദുത്വ വാദത്തെ പ്രതിരോധിക്കാൻ അഹിന്ദ പിന്തുണ കോൺഗ്രസിന് അനിവാര്യമാണ്. ഇതു മുന്നിൽ കണ്ടാണു സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര എംഎൽസിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് അഹിന്ദ നേതാക്കൾ വിലപേശുന്നത്.

ENGLISH SUMMARY:

Former Karnataka Chief Minister Siddaramaiah has been appointed to the Congress Working Committee following his exit from the top post. D.K. Shivakumar is set to be sworn in as the new Chief Minister, but faces significant challenges in cabinet formation, factional balancing, and retaining the support of the influential AHINDA coalition. The political transition marks a crucial phase for the Congress ahead of future electoral battles in Karnataka.