ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെ 41 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 127 റൺസിന് പുറത്തായി. ഇന്ത്യ ജയിച്ചതോടെ ശ്രീലങ്ക ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി. അടുത്ത പാക്ക് – ബംഗ്ലദേശ് മല്‍സരത്തിലെ വിജയികളായിരിക്കും ഫൈനലില്‍ ഇന്ത്യയുടെ ഏതിരാളിയാകുന്നത്. വ്യാഴാഴ്ചയാണ് പാകിസ്താന്‍- ബംഗ്ലദേശ് മത്സരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ഓപ്പണർമാരുടെ ‘പവർപ്ലേ’യാണ് കണ്ടത്. ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 168 റൺസെടുത്തത്. ഓപ്പണർമാരായ അഭിഷേക് ശർമയും (37 പന്തിൽ 75), ശുഭ്മാൻ ഗില്ലും (19 പന്തിൽ 29) മികച്ച തുടക്കം ടീമിനു നല്‍കി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസെടുത്തു. ആദ്യത്തെ മൂന്ന് ഓവറിൽ 17 റൺസ് മാത്രമെടുത്ത ഇന്ത്യ, പിന്നീടുള്ള മൂന്ന് ഓവറിൽ 55 റൺസെടുത്തു. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 72 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. തൊട്ടടുത്ത ഓവറിൽ റിഷാദ് ഹൊസൈൻ ഗില്ലിനെ വീഴ്ത്തി.
പിന്നാലെ എത്തിയത് ശിവം ദുബെയാണ്. മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി ദുബെ മടങ്ങി. എന്നാല്‍ അഭിഷേകിന്‍റെ ബാറ്റിന് വിശ്രമമില്ലായിരുന്നു. 25 പന്തിൽ അഭിഷേക് അർധസെഞ്ചറി നേടി. പത്ത് ഓവറില്‍ 96/2 എന്ന നിലയിലായിരുന്നു ഇന്ത്. എന്നാല്‍ 12–ാം ഓവറിൽ അഭിഷേക് റണ്ണൗട്ടായി. അഞ്ചു സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. പിന്നാലെ സൂര്യകുമാറിനെയും (11 പന്തിൽ 5) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ (29 പന്തിൽ 38) ആണ് സ്കോർ 160 കടത്തിയത്. തിലക് വർമ (7 ഓവറിൽ 5), അക്ഷർ പട്ടേൽ (15 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.
ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് ഓപ്പണർ തൻസീദ് ഹസൻ തമീമിനെ (3 പന്തിൽ 1) രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. അർധസെഞ്ചറി നേടിയ ഓപ്പണർ സെയ്ഫ് ഹസൻ (51 പന്തിൽ 69) ആണ് ബംഗ്ലദേശിനായി പൊരുതിയത്. പർവേശ് ഹൊസൈൻ ഇമോനും (19 പന്തിൽ 21) ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും മാത്രമാണ് ബംഗ്ലദേശ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസ് നേടി. എന്നാല്‍ ഏഴാം ഓവറിൽ കുൽദീപിന്‍റെ പന്തില്‍ ആ കൂട്ടുകെട്ടും പൊളിഞ്ഞു.
14 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സാണ് ബംഗ്ലാദേശെടുത്തത്. സെയ്ഫ് ഹസൻ പെര്‍ഫോമന്‍സ് തുടര്‍ന്നുവെങ്കിലും ലക്ഷ്യത്തിലേക്ക് അതുപോരായിരുന്നു. മാത്രമല്ല നാല് തവണയാണ് സെയ്‌ഫിന്റെ ക്യാച്ച് ഇന്ത്യൻ ഫീൽഡർമാർ ഡ്രോപ് ചെയ്തത്. ഒടുവിൽ 18–ാം ഓവറിൽ ബുമ്രയുടെ പന്തിൽ അക്ഷർ പട്ടേൽ സെയ്‌ഫിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തൗഹിദ് ഹൃദോയി (10 പന്തിൽ 7), ഷമീം ഹൊസൈൻ (പൂജ്യം), ജാക്കർ അലി(5 പന്തിൽ 4)), മുഹമ്മദ് സൈഫുദ്ദീൻ (7 പന്തിൽ 4), റിഷാദ് ഹൊസൈൻ (3 പന്തിൽ 2), തൻസിം ഹസൻ സാക്കിബ് (പൂജ്യം), മുസ്തഫിസുർ റഹ്മാൻ (11 പന്തിൽ 6) നസും അഹമ്മദ് (4 പന്തിൽ 4*) എന്നിങ്ങനെയാണ് മറ്റു ബംഗ്ലദേശ് ബാറ്റർമാരുടെ സ്കോറുകൾ. മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവും രണ്ടു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും ചേര്‍ന്നാണ് ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട ബംഗ്ലദേശിനെ കറക്കിവീഴ്ത്തിയത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി
ബംഗ്ലദേശ്: സെയ്ഫ് ഹസൻ, തൻസീദ് ഹസൻ തമീം, പർവേശ് ഹൊസൈൻ ഇമോൻ, തൗഹിദ് ഹൃദോയി, ഷമീം ഹൊസൈൻ, ജാക്കർ അലി (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), മുഹമ്മദ് സൈഫുദ്ദീൻ, റിഷാദ് ഹൊസൈൻ, തൻസിം ഹസൻ സാക്കിബ്, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ