നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുമെന്ന് സൂചന. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് തന്നെയെന്ന് മുരളീധരന്‍ നേതൃത്വത്തിന് സൂചന നല്‍കി. വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ മുരളി തന്നെ ഇറങ്ങണമെന്നാണ് നേതൃത്വത്തിന്‍റെയും നിലപാട്. അതേസമയം തിരുവനന്തപുരത്ത് ശബരീനാഥന്‍റെയും ശിവകുമാറിന്‍റെയും പേരുകളും പരിഗണനയിലുണ്ട്.
പാര്‍ട്ടി നിര്‍ദേശിച്ചിടത്തെല്ലാം മല്‍സരിച്ച രീതിയാണ് കെ.മുരളീധരന് ഇതുവരെയുള്ളത്. അതുകൊണ്ട് തന്നെ മുരളീധരന് കംഫര്‍ട്ടബിള്‍ ആയുള്ള സീറ്റ് നല്‍കണമെന്ന ആവശ്യം ഇക്കുറി പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. രണ്ട് തവണ വിജയിച്ച സ്ഥലമെന്ന നിലയിലും സംഘടനാബലം ഉള്ള മണ്ഡലമെന്ന നിലയിലും വട്ടിയൂര്‍ക്കാവില്‍ നില്‍ക്കാമെന്ന് മുരളീധരന്‍ നിലപാടെടുത്തെന്നാണ് സൂചന. 2011 ലും 2016ലും വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ മുരളീധരനെ ഇറക്കണമെന്ന് പാര്‍ട്ടിയിലും ആവശ്യം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിലെത്തിയപ്പോള്‍ നടത്തിയ പിടിവലിയില്‍ 'സ്നേഹത്തള്ളല്‍ ആണെങ്കിലും സ്നേഹത്തല്ലാണെങ്കിലും അത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നായിരുന്നു കെ.മുരളീധരന്‍റെ പ്രതികരണം. ചാനലില്‍ മുഖം കാണിക്കാന്‍ തള്ളുന്നവരോട് ജനങ്ങള്‍ക്ക് പരിഹാസമുള്ളതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇലക്ഷന്‍ ജയിക്കാന്‍ ഇത്തരം തള്ളുകള്‍ സഹായകരമല്ലെന്നും ആ നേരത്ത് പാര്‍ട്ടിക്ക് വേണ്ടി കുറച്ച് അധ്വാനിച്ചാല്‍ അത്രയും വോട്ടുകിട്ടുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.