Image: X,@ndtv
പ്രണയദിനത്തില്‍ ഒട്ടും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളല്ല പുറത്തുവരുന്നത്. ഭോപ്പാലില്‍ നിന്നും പ്രണയത്തിനുള്ളിലെ ചതിയും ഭീഷണിയും തുടര്‍ന്നുണ്ടായ കൊലപാതകവുമാണ് തലക്കെട്ടുകളാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ പ്രണയം കൊലപാതകത്തിലെത്തിയപ്പോള്‍ ചതിയുടേയും വഞ്ചനയുടേയും കഥകളാണ് മറനീക്കി പുറത്തുവന്നത്. ആളൊഴിഞ്ഞ മേഖലയിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും 33കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഭോപ്പാല്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ കണ്ടും സംസാരിച്ചും തുടങ്ങിയ പ്രണയം വിശ്വാസ വഞ്ചനയിലും ഭീഷണിയിലും കൊലപാതകത്തിലുമെത്തി ഒടുവില്‍ സെപ്റ്റിക് ടാങ്കില്‍ അവസാനിച്ചെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്രയിലെ ഗോന്‍ഡിയ സ്വദേശി സിയ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കംലയ്നഗര്‍ സ്വദേശിയായ ആണ്‍സുഹൃത്ത് സമീര്‍ ആണ് സിയയെ കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ സഹായത്തോടെയാണ് സിയയെ കൊലപ്പെടുത്തി ഇരുമ്പുപെട്ടിക്കുള്ളിലാക്കി വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിലേക്ക് തള്ളിയത്.
ഒരു വര്‍ഷം മുന്‍പാണ് സിയയും സമീറും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സമീറില്ലാതെ ജീവിക്കാനാകില്ലെന്ന ഘട്ടത്തില്‍ സിയ മൂന്നുമാസം മുന്‍പ് വീടുവിട്ട് മഹാരാഷ്ട്രയില്‍ നിന്നും ഭോപ്പാലിലെത്തി. സമീറിനൊപ്പം ജീവിക്കാന്‍ കൊതിച്ചുവന്ന സിയയ്ക്കുണ്ടായത് തീര്‍ത്തും വേദനാജനകമായ അനുഭവമായിരുന്നു. ഭോപ്പാലിലെത്തിയപ്പോഴാണ് സമീര്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണെന്നറിയുന്നത്.
സിയ പക്ഷേ മറ്റു വഴികളൊന്നുമില്ലാതെ സമീറിന്റെ വീട്ടില്‍ തന്നെ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ ആദ്യദിനം മുതല്‍ തന്നെ സമീറിന്റെ ഭാര്യയുമായി തര്‍ക്കം ഉടലെടുത്തു, പിന്നീടത് പതിവായി, അയല്‍ക്കാര്‍ക്ക് പോലും അസഹനീയമാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. സിയയില്‍ നിന്നും സമീര്‍ പല കാര്യങ്ങളും ഒളിച്ചുവച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത് വീട്ടിലെ സാഹചര്യം കൂടുതല്‍ വഷളാക്കിയെന്നാണ് പൊലീസ് പറയുന്നത്.
തര്‍ക്കങ്ങള്‍ക്കിടെ സമീറിനോട് സിയ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതും പുതിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി. ഇല്ലെങ്കില്‍ തനിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു സിയയുടെ ആവശ്യം. നിയമനടപടികളിലേക്ക് നീങ്ങുമെന്ന നിലപാടില്‍ സിയ ഉറച്ചുനിന്നു. സാഹചര്യം മോശമായതോടെ സമീറിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് സമീറും സിയയും തമ്മില്‍ ഇതേച്ചൊല്ലി വീണ്ടും തര്‍ക്കം ഉടലെടുത്തു. ഇതിനിടെ സമീര്‍ സിയയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കാനായി സമീര്‍ സഹോദരന്റേയും അമ്മയുടേയും സഹോദരിയുടേയും സഹായം തേടി. മൃതദേഹം ഇരുമ്പുപെട്ടിയിലാക്കി തിങ്കളാഴ്ച്ച രാത്രി തന്നെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചു. മൂന്നാംദിനം ഈ ആളൊഴിഞ്ഞ മേഖലയില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതായി പരാതിപ്പെട്ടു, തുടര്‍ന്ന് സമീപവാസികള്‍ ആണ് ഇരുമ്പുപെട്ടി കണ്ടെത്തി പൊലീസിനെ അറിയിച്ചത്.
ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കയ്യിലെ ടാറ്റു കണ്ടാണ് മരിച്ചത് സിയയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. സമീര്‍ ഒളിവിലാണെന്നും ബന്ധുക്കളെ മൂന്നുപേരെയും അറസ്റ്റ് ചെയ്തതായും നിഷാത്പുര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പത്‌വ പറഞ്ഞു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. കൊല്ലപ്പെട്ട സിയ മഹാരാഷ്ട്രയിലും രാജസ്ഥാനിലുമായി മൂന്നു പേരെ കല്യാണം കഴിച്ചിരുന്നതായി പൊലീസ് പറയുന്നു. സിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.