സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലും ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല, മാച്ച് റഫറിയായി ആന്‍ഡി പൈക്രോഫ്റ്റ് തുടര്‍ന്നു. എന്നിട്ടും പാക്കിസ്ഥാന്‍ യു.എ.ഇക്കെതിരെ കളിക്കാന്‍ ഇറങ്ങി. പാക്കിസ്ഥാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒരു മണിക്കൂറോളം വൈകി യുഎഇക്കെതിരായ മല്‍സരം നടന്നു. പാക്കിസ്ഥാനും പിന്നീട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന നിലപാടെടുത്തു.
ടോസിനിടെ ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള ഹസ്തദാനം ഒഴിവാക്കിയതിന് കാരണം മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്രോഫ്റ്റാണെന്നാണ് പാക്കിസ്ഥാന്‍റെ വാദം. മല്‍സരം നിയന്ത്രിക്കാന്‍ പൈക്രോഫ്റ്റിനെ നിയമിച്ചതോടെ ദുബായിലെ ഗ്രോസ്‌വെനർ ഹോട്ടലിൽ നിന്ന് പാക്കിസ്ഥാൻ ടീം പുറത്തിറങ്ങാതെ സമ്മര്‍ദ്ദമിറക്കി. ഈ സമയത്ത് തന്നെ ഐസിസി ആസ്ഥാനത്തേക്ക് പൈക്രോഫ്റ്റിനെ വിളിച്ചു വരുത്തുകയും ചെയ്തു.
ഐസിസിയും പാക്ക് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പല ഇ–മെയിലുകളിലും പൈക്രോഫ്റ്റ് നിയമം ലംഘിച്ചിട്ടില്ലെന്ന് ഐസിസി ആവർത്തിച്ചു. ടീമിന്റെ ആവശ്യം അനുസരിച്ച് ഔദ്യോഗിക പാനലിനെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും ഐസിസി വ്യക്തമാക്കി. പിസിബിയുടെ പിന്മാറ്റ ഭീഷണി ഫലിക്കാതെ വന്നപ്പോൾ എസിസിയും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ഐസിസി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. പിസിബിയുടെ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ഐസിസി വാര്‍ത്താക്കുറിപ്പിറക്കി.
ഇതിനിടയില്‍ പൈക്രോഫ്റ്റ് പാക്കിസ്ഥാന്‍ ടീമുമായി കൂടിക്കാഴ്ച നടത്തി. ക്യാപ്റ്റൻ സല്‍മാന്‍ ആഗ, മാനേജർ നവീദ് അക്രം ചീമ, കോച്ച് മൈക്ക് ഹസ്സന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംഭവിച്ച തെറ്റിദ്ധാരണകളെക്കുറിച്ച് പൈക്രോഫ്റ്റ് പാക്ക് ടീമിനോട് സംസാരിച്ചെന്നാണ് വിവരം. ഇതിന് പിന്നാലെ ഹസ്തദാനം വിലക്കിയതില്‍ പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്നായിരുന്നു പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടത്. എന്നാല്‍ തെറ്റിദ്ധാരണകളിലാണ് മാപ്പ് എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍ പ്രത്യേകിച്ച് തെറ്റൊന്നും ചെയ്യാത്ത ഒരാൾക്ക് മാപ്പ് പറയേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിയുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പൈക്രോഫ്റ്റിൻ്റെ തെറ്റ് എന്താണെന്നതിന് പിസിബി കൂടുതൽ തെളിവുകൾ നൽകിയാൽ മാത്രമേ ഐസിസി വിഷയത്തില്‍ അന്വേഷണം നടത്തൂ. ഈ കൂടിക്കാഴ്ചയുടെ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും ഓഡിയോ മനപ്പൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ പിസിബി അധ്യക്ഷന്‍ മുഹ്സിന്‍ നഖ്‌വി മുൻ പിസിബി ചെയർമാൻമാരായ റമീസ് രാജ, നജാം സേത്തി എന്നിവരുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് പാക്ക് ടീം ഉടന്‍ സ്റ്റേഡിയത്തിലേക്ക് എത്തുമെന്ന് നഖ്‌വി 'എക്സില്‍ കുറിപ്പിട്ടത്. അതേസമയം, ടൂർണമെൻ്റ് കളിച്ചില്ലെങ്കിൽ പിസിബിക്ക് 16 മില്യൺ യുഎസ് ഡോളർ വരെ നഷ്ടമാകും.