ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ മലയാളിയായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഓപ്പണിങ്ങിൽ നിന്ന് മാറ്റി അഞ്ചാം നമ്പറിൽ ഇറക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്ത്. ഏഷ്യാ കപ്പിനുള്ള ടീമിൽ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ തിരിച്ചു വരവാണ് സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്നാണ് തിവാരിയുടെ ആരോപണം. ഗംഭീറിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ഒരു 'പപ്പറ്റ് ക്യാപ്റ്റനെ'യാണ് ഗംഭീറിന് ആവശ്യമെന്നും, ഏഷ്യാ കപ്പിൽ വൈസ് ക്യാപ്റ്റനായി ഗില്ലിനെ തിരഞ്ഞെടുത്തത് ഗംഭീറിന് വേണ്ടിയാണെന്നും തിവാരി ആരോപിച്ചു.

അഭിഷേക് ശർമ്മയ്‌ക്കൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയ സഞ്ജു സാംസൺ ഇപ്പോൾ മധ്യനിരയിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന ഓപ്പണർമാരിൽ ഒരാളായിരുന്നു സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു, ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കങ്ങൾ നൽകിയിരുന്നു.

ഗൗതം ഗംഭീർ തന്‍റെ വാക്കുകൾക്ക് അനുസരിച്ച് നീങ്ങുന്ന ഒരു ക്യാപ്റ്റനെയാണ് ആഗ്രഹിക്കുന്നതെന്നത് എല്ലാവർക്കും അറിയുന്ന രഹസ്യമാണ്. ഗിൽ മികച്ച കളിക്കാരനാണ്, അതിൽ സംശയമില്ല. പക്ഷെ അഭിഷേകും സാംസണും മികച്ച തുടക്കം നൽകുമ്പോൾ, എന്തിനാണ് ആ പാര്‍ട്ണര്‍ഷിപ്പ് തകർക്കുന്നത്?" തിവാരി ചോദിച്ചു.

കൂടുതലൊന്നും ചോദിക്കാതെ തന്‍റെ കാഴ്ചപ്പാടുകൾ പിന്തുടരുന്ന ഒരാളെയാണ് ഗംഭീർ ആഗ്രഹിക്കുന്നതെന്നും, അതുകൊണ്ടാണ് ഈ മാറ്റമെന്നും തിവാരി കൂട്ടിച്ചേർത്തു. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. അതേസമയം, രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്ത ഗിൽ 30 റൺസ് നേടിയിട്ടുണ്ട്.

ENGLISH SUMMARY:

Sanju Samson's batting position is being questioned after being moved down the order. Critics suggest Gautam Gambhir prefers a captain who aligns with his views, potentially impacting team decisions.