Image: Reuters
ഔദ്യോഗിക അഭിവാദ്യങ്ങളില്ലാതെ നടന്ന ഇന്ത്യ–പാക് മത്സരം ഇതിനോടകം തന്നെ സോഷ്യല്‍രംഗത്തും പുറത്തും വലിയ ചര്‍ച്ചയായി കഴിഞ്ഞു. ഇതിനു പിന്നാലെയിതാ മത്സരത്തിനിടെ സംഭവിച്ച ഒരു അബദ്ധം വാര്‍ത്തകളില്‍ നിറയുകയാണ്. മത്സരത്തിന് മുന്നോടിയായി പാക്കിസ്ഥാൻ കളിക്കാർ ദേശീയഗാനത്തിനായി തയ്യാറെടുക്കുകയായിരുന്നു. താരങ്ങള്‍ വരിവരിയായി നിന്ന് നെഞ്ചത്ത് കൈവച്ച് ദേശസ്നേഹം പ്രകടമാക്കുന്ന സമയം, ദേശീയഗാനം പ്രതീക്ഷിച്ചു നില്‍ക്കവേ പ്ലേ ആയത് ‘ജലേബി ബേബി’ എന്ന പ്രശസ്തമായ ഗാനം. നെഞ്ചത്തു വച്ചകൈ ഇനിയെന്തു ചെയ്യണം എന്ന അവസ്ഥയിലായിപ്പോയി താരങ്ങള്‍. പാക് താരങ്ങളെ മാത്രമല്ല ആരാധകരെയും ഒരുപോലെ സ്തബ്ധരാക്കിയ അബദ്ധമായിരുന്നു ഇത്. Also Read:
കനേഡിയന്‍ റാപ്പര്‍ ടെഷർ പാടിയ ‘ജലേബി ബേബി’ കേട്ടവര്‍ക്കെല്ലാം അസ്വസ്ഥതയുണ്ടാക്കിയെങ്കിലും ഉടന്‍ തന്നെ തെറ്റുതിരുത്തി പാക്കിസ്ഥാന്റെ ‘പാക് സർസാമിൻ ഷാദ് ബാദ്’ എന്ന ദേശീയഗാനം പ്ലേ ചെയ്തതോടെ രംഗം ശാന്തമായി. ദേശീയഗാനം മാറിപ്പോകുന്നത് ഇതാദ്യമായല്ല, ലാഹോറില്‍വച്ചു നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ദേശീയഗാനം തെറ്റിച്ച് പ്ലേ ചെയ്തിരുന്നു. അതുപോലെ ഫെബ്രുവരി 22-ന് ഒസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ, ഒസ്ട്രേലിയൻ ദേശീയഗാനത്തിന് പകരം ‘ജനഗണമന’ പ്ലേ ചെയ്ത സംഭവവും വാര്‍ത്തയായിരുന്നു.
ദുബായില്‍ ഇന്നലെ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പാകിസ്ഥാനെ നിഷ്പ്രഭരാക്കി. പാക്കിസ്ഥാനെ 127 റൺസിൽ ഒതുക്കിയ ശേഷം, ഇന്ത്യ 15.5 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ഇന്ത്യ തുടക്കം മുതൽ ആധിപത്യം പുലർത്തുകയും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി പാക്കിസ്ഥാനുമേല്‍ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. അവസാന നിമിഷങ്ങളിൽ ഇന്ത്യ റൺസ് വിട്ടുകൊടുത്തെങ്കിലും അനായാസം വിജയിച്ചു മുന്നേറി.
ഏഷ്യാകപ്പ് മത്സരത്തില്‍ ഔദ്യോഗികമായ അഭിവാദ്യങ്ങളൊന്നും നടത്താതെയുള്ള ഇന്ത്യ–പാക്കിസ്ഥാന്‍ പോരാട്ടം ചര്‍ച്ചയായ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ ടീംകോച്ച് മൈക്ക് ഹെസ്സന്‍ രംഗത്തെത്തിയിരുന്നു. മത്സരം കഴിഞ്ഞ് വേഗത്തില്‍ കളിക്കളം വിട്ട ഇന്ത്യന്‍ താരങ്ങളെ തേടി പാക്ക് ടീം ഡ്രസ്സിങ് റൂമില്‍ പോയിരുന്നെന്നും എന്നാല്‍ താരങ്ങളാരും പുറത്തുവന്നില്ലെന്നും മൈക്ക് ഹെസ്സന്‍ പറയുന്നു. അതേസമയം പാക്ക് താരങ്ങളെ അഭിവാദ്യം ചെയ്യാതെ ടീമിന്റെ വിജയം പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായും സൈനികര്‍ക്കായും സമര്‍പ്പിച്ച സൂര്യകുമാര്‍ യാദവിനും ടീമിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്.