വന്ദേമാതരം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേമാതരം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. സര്‍ക്കാര്‍ പരിപാടികളിലും സ്കൂള്‍ പ്രോഗ്രാമുകളിലും ദേശീയഗാനവും വന്ദേമാതരവും ആലപിക്കുന്നുണ്ടെങ്കില്‍ ആദ്യം വന്ദേമാതരം അവതരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

പത്മ പോലെയുള്ള പുരസ്കാരദാന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ ചടങ്ങുകളിലും വന്ദേമാതരം നിര്‍ബന്ധമാണ്. രാഷ്ട്രപതി വരുന്ന സമയത്തും പോകുന്ന സമയത്തും വന്ദേമാതരം ആലപിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം തിയേറ്ററുകളില്‍ നിര്‍ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. 1937ല്‍ കോണ്‍ഗ്രസ് ഒഴിവാക്കിയ നാലു പദ്യങ്ങള്‍(STANZAS) ചേര്‍ത്ത് ആറു പദ്യങ്ങളും ആലപിക്കണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്ന പശ്ചാത്തലം കൂടി നോക്കുമ്പോള്‍ പുതിയ നിര്‍ദേശം വിവാദത്തിനു വഴിവക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുഹമ്മദലി ജിന്നയെ പിന്തുണയ്ക്കുന്ന നിലപാടാണ് അന്ന് വന്ദേമാതരവുമായി ബന്ധപ്പെട്ട നിലപാടിലൂടെ ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ചതെന്ന് വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ വലിയ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് കളമൊരുക്കുമെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ENGLISH SUMMARY:

Vande Mataram guidelines have been issued by the Central Home Ministry, mandating that everyone must stand when Vande Mataram is sung at all government and school programs. The new directives also stipulate that Vande Mataram should be sung after the national anthem at award ceremonies and events attended by the President, though it is not mandatory in theaters.