കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ഇന്ന് തുടക്കം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലം സെയ്‌ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏറ്റുമുട്ടും. വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ.സി.എല്‍ ബ്രാന്‍ഡ് അംബാസിഡര്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും.

അമ്പത് കലാകാരന്മാര്‍ പങ്കെടുക്കുന്ന കേരളത്തിന്‍റെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള നൃത്തസംഗീത വിരുന്ന് ചടങ്ങില്‍ അരങ്ങേറും. തുടര്‍ന്ന് 7.45ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ കൊച്ചിന്‍ ബ്ലൂ ടൈഗേഴ്സ് നേരിടും. കൊച്ചിക്ക് വേണ്ടി സൂപ്പര്‍താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങും. സഞ്ജുവിന്‍റെ സഹോദരന്‍ സാലി സാംസണ്‍ ആണ് ടീമിനെ നയിക്കുന്നത്.

കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണ് ഇന്ന് തുടക്കമാകുമ്പോള്‍ പ്രതീക്ഷകളുടെ അമരത്താണ് ടീം ക്യാപ്റ്റന്‍മാര്‍. മുന്‍വര്‍ഷത്തെ ടീമില്‍ പ്രമുഖരെയെല്ലാം നിലനിര്‍ത്താനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ചാംപ്യന്‍മാരായ കൊല്ലം സൈലേഴ്സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ബാറ്റിങ് കരുത്തിലാണ് വിശ്വാസമെന്ന് കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരിച്ചുപിടിക്കാനെത്തുന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹനും പറഞ്ഞു.

മൈതാനത്ത് കളിയുടെ പെരുമ്പറ മുഴങ്ങും മുന്‍പ് അവസാനമായി അവര്‍ ക്യാമറകള്‍ക്ക് മുമ്പില്‍ ഒന്നിച്ച് നിന്നു. വര്‍ഷങ്ങളായി പരിചയമുള്ളവര്‍, നല്ല സുഹൃത്തുക്കള്‍. പക്ഷെ അടുത്ത 17 ദിവസം അതെല്ലാം മറന്ന് കൊമ്പ് കോര്‍ക്കുകയാണ്. ലക്ഷ്യം ഒന്നമാത്രം. കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണ്‍ ചാമ്പ്യന്‍ പട്ടം. കഴിഞ്ഞ വര്‍ഷം ആ കനകക്കിരീടം ഉയര്‍ത്താന്‍ ഭാഗ്യം കിട്ടിയത് കൊല്ലം സൈലേഴ്സിന്‍റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കാണ്. ഇത്തവണ സാധ്യതകളില്‍ മുന്‍പന്തിയിലുള്ളതും സൈലേഴ്സ് തന്നെ. അതിന് കാരണവുമുണ്ട്.

ഫൈനലില്‍ സൈലേഴ്സിനോട് തോറ്റ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് പ്രതികാരം ചെയ്തേ മടങ്ങൂ എന്ന വാശിയിലാണ്. ബാറ്റിങ്ങ് ലൈനപ്പ് അതിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ രോഹന്‍. ടീം ബാലന്‍സിലും, ഓള്‍റൗണ്ടര്‍ മികവിലും പ്രതീക്ഷയര്‍പ്പിച്ച് ആലപ്പി റിപ്പിള്‍സും ട്രിവാന്‍ഡ്രം റോയല്‍സും, തൃശൂര്‍ ടൈറ്റന്‍സും, കൊച്ചി ബ്ലൂ ടൈഗേഴ്സും.

അങ്ങനെ എല്ലാവരും വലിയ പ്രതീക്ഷകളോടെയാണ് രണ്ടാം സീസണിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. കേരള ക്രിക്കറ്റിന് പുതിയ ആവേശവും വേഗവും പകരുന്ന പെരുങ്കളിയാട്ടമായി മാറും എന്ന പ്രതീക്ഷയാണ് ഈ വാക്കുകളെല്ലാം നല്‍കുന്നത്. കണ്‍ പാര്‍ത്തിരിക്കാം അടുത്ത 17 ദിവസം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക്.

ENGLISH SUMMARY:

Kerala Cricket League's second season is set to begin, filled with expectations. The tournament promises exciting matches over the next 17 days at the Thiruvananthapuram Greenfield Stadium, showcasing the best of Kerala cricket.