കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ വിവാഹ നിശ്ചയം നടന്നത്. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. പ്രായത്തില്‍ അര്‍ജുനേക്കാള്‍ മുകളിലാണ് സാനിയ.
അര്‍ജുന്‍ 25 കാരനും സാനിയയ്ക്ക് 26 വയസ്സുമാണ് പ്രായം. 1998 ജൂണ്‍ 23 നാണ് സാനിയ ജനിച്ചത്. ഒരു വര്‍ഷത്തിന് ശേഷം 1999 സെപ്റ്റംബര്‍ 24 നാണ് അര്‍ജുന്‍റെ ജനനം. ചെറിയ പ്രായ വ്യത്യാസമാണെങ്കിലും സച്ചിന്‍– അഞ്ജലി ദമ്പതികളുടെ പ്രായ വ്യത്യാസമാണ് ശ്രദ്ധയാകാന്‍ കാരണം.
1995-ൽ സച്ചിൻ അഞ്ജലിയെ വിവാഹം കഴിക്കുമ്പോൾ അവര്‍ക്കിടയിലെ പ്രായ വ്യത്യാസം ആറു വയസ്സായിരുന്നു. 1973 ഏപ്രില്‍ 24 നാണ് സച്ചിന്‍ ജനിക്കുന്നത്. ഇതിനും ആറു വര്‍ഷം മുന്‍പ് 1967 നവംബര്‍ പത്തിനാണ് അഞ്ജലിയുടെ ജനനം. അന്നത്തെ കാലത്ത് അസാധാരണ സംഭവമാണെങ്കിലും ഇന്ന് പ്രായ വ്യത്യാസം പുതുമകളില്ലാത്തതായി എന്നതാണ് ശ്രദ്ധേയം.
അതേസമയം, ഓഗസ്റ്റ് 13 ന് നടന്ന വിവാഹ നിശ്ചയത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് സാനിയയുടെ ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പും ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.
മുംബൈയ്ക്കായാണ് ആഭ്യന്തര ക്രിക്കറ്റ് ആരംഭിച്ചതെങ്കിലും നിലവില്‍ ഗോവന്‍ താരമാണ് അര്‍ജുന്‍. 2020–21 സീസണിൽ മുംബൈ ജഴ്സിയിൽ ഹരിയാനയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. 2022–23 സീസണിലാണ് ഗോവയിലേക്ക് മാറിയത്.