Image: X, Sachin Tendulkar

 മകന്‍റെ വിവാഹം രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും മറ്റ് പ്രമുഖരേയും ക്ഷണിച്ച വിവരം ചിത്രങ്ങള്‍ സഹിതം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ഡിലീറ്റ് ചെയ്തത് വിവാദമായിരിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുംബവും നേരിട്ടെത്തി അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ വിവാഹം ക്ഷണിച്ചത്.

പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വൈറലായത് രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ചിത്രമായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 627k വ്യൂസ് കിട്ടിയിരുന്നു. പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് കടുത്ത പ്രതികരണമാണ് കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ ഭാഗത്തു നിന്നുണ്ടായത്. സച്ചിന്‍റെ പോസ്റ്റ് മോദി രാജാവിനിഷ്ടപ്പെട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവച്ചത്. മോദിയുടെ ടീമിന്‍റെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദത്തെത്തുടര്‍ന്ന് ഈ പോസ്റ്റ് സച്ചിന്‍ ഡിലീറ്റ് ചെയ്തതെന്നും കേരള ഘടകം ആരോപിക്കുന്നു. പിന്നീട് ഇതേ ചിത്രം റീപോസ്റ്റ് ചെയ്തുവെന്നാണ് ആരോപണം.

രാത്രി 9.22നിട്ട പോസ്റ്റ് പിന്‍വലിച്ച് അര്‍ധരാത്രി 12.19ന് റീപോസ്റ്റ് ചെയ്തതാണ് വിവാദമായത്. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആളുകള്‍ ഇക്കാര്യം ശ്രദ്ധിച്ചെന്നും കേരള ഘടകം പറയുന്നു. എന്നാല്‍ ഇതൊന്നുമല്ല കാര്യമെന്നാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍. സച്ചിന്‍ ആദ്യം പോസ്റ്റ് ചെയ്ത രാഹുലിന്‍റെ ചിത്രത്തിനൊപ്പം ഒരു വരിചേര്‍ക്കാന്‍ വിട്ടുപോയിരുന്നു. ഇതാണ് റീപോസ്റ്റ് ചെയ്യാന്‍ കാരണമെന്ന് രണ്ട് ചിത്രങ്ങളുമുള്‍പ്പെടെ പങ്കുവച്ച് എക്സ് ഉപയോക്താക്കള്‍ പ്രതികരിക്കുന്നു.

തനിക്കും കുടുംബത്തിനും ലഭിച്ച സ്വീകരണത്തിനു നന്ദിയറിയിക്കുന്ന വരിയാണ് ആദ്യ പോസ്റ്റില്‍ നിന്നും വിട്ടുപോയതെന്നും ആളുകള്‍ കണ്ടെത്തുന്നു. നിലവില്‍ പുതിയ പോസ്റ്റിനു 2.7 മില്യണിലധികം വ്യൂസ് കിട്ടിയിട്ടുണ്ട്. കുടുംബസമേതം വിവാഹം ക്ഷണിക്കാന്‍ പോയ ചിത്രങ്ങള്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞാണ് സച്ചിന്‍ പങ്കുവച്ചത്.

മോദിക്കൊപ്പമുള്ള ചിത്രം വൈകിട്ട് 7:13 നു, അമിത് ഷായ്ക്കൊപ്പമുള്ളത് രാത്രി 8:18 നും, രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പമുള്ള ചിത്രം രാത്രി 8:48നും , രാഹുൽ ഗാന്ധിക്കൊപ്പമുള്ളത് രാത്രി 9:22നുമാണ് പോസ്റ്റ് ചെയ്തത്. കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് സോഷ്യൽ മീഡിയ റീച്ചിൽ അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കിൽ, അത് ശക്തിയല്ല. അധികാരത്തിന്റെ വേഷം ധരിച്ച ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണെന്നാണ് കേരള ഘടകം എക്സ് പോസ്റ്റില്‍ മോദി സര്‍ക്കാറിനെ ലക്ഷ്യമിട്ട് പറയുന്നത്.

Sachin Tendulkar's Son's Wedding, Political Stir Over Deleted Photo:

Sachin Tendulkar's son's wedding invitations to dignitaries have sparked a controversy, particularly after a photo with Rahul Gandhi was initially posted and then deleted. This action has led to accusations from the Kerala Congress alleging pressure from the Modi government.