കൗമാരക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയുഷ് മാത്രേയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പ്രത്യേക സമ്മാനം. സിംബാബ്‌വേയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആയുഷ് മുംബൈയിലെത്തിയ സമയത്താണ് സച്ചിന്‍ വീട്ടിലേക്ക് ക്ഷണിച്ച് സമ്മാനം നല്‍കിയത്. Also Read: ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകർത്തു; ലോകകപ്പ് ഇന്ത്യന്‍ കൗമാരപ്പടയുടെ കൈകളിൽ

 

സച്ചിന്‍ തന്റെ അവസാന ടെസ്റ്റ് സീരീസില്‍ ധരിച്ച ജേഴ്സിയാണ് ആയുഷിന് സമ്മാനമായി നല്‍കിയത്. ‘പ്രിയപ്പെട്ട ആയുഷ്, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു’ എന്നെഴുതിയ ജേഴ്സിയാണ് സച്ചിന്‍  കൈമാറിയത്. ആയുഷിനെ  പ്രോത്സാഹിപ്പിക്കാനാണ് താനീ ജേഴ്സി കൈമാറുന്നതെന്നും സീനിയര്‍ ടീമിലെത്താന്‍ കഠിനാധ്വാനം വേണമെന്നും പുറത്തുള്ള മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ മാറാതെ പ്രയത്നിക്കണമെന്നും സച്ചിന്‍ ആയുഷിനെ ഉപദേശിച്ചു. 

‘നന്ദി സച്ചിന്‍ സാര്‍’ എന്നായിരുന്നു ആയുഷിന്റെ മറുപടി. സ്ക്രീനിലൂടെ മാത്രം കണ്ടിരുന്ന ആരാധിച്ചിരുന്ന വ്യക്തിയില്‍ നിന്നും സമ്മാനം ലഭിക്കുന്നതും വീട്ടില്‍ നില്‍ക്കുന്നതും വലിയ അഭിമാനമെന്ന് ആയുഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം കൂടി പങ്കുവച്ചാണ് ആയുഷിന്റെ പോസ്റ്റ്. 

ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എല്ലാ അർത്ഥത്തിലും ആധിപത്യം പുലർത്തിയാണ് U19 ലോകകപ്പ് ഇന്ത്യ ഉയർത്തിയത്. ടൂർണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ  കിരീടനേട്ടം.

ENGLISH SUMMARY:

Ayush Mhatre, the captain of the Under-19 Cricket World Cup-winning Indian team, received a special gift from cricket legend Sachin Tendulkar. Sachin Tendulkar presented Ayush Mhatre with his jersey from his last Test series, offering encouragement and advice for his future cricket career.