Image Credit: PTI

  • സൂര്യകുമാര്‍ രഞ്ജി മല്‍സരങ്ങള്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടും ഇത്തരമൊരു തീരുമാനം സിലക്ടര്‍മാര്‍ കൈക്കൊള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

ട്വന്‍റി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും സൂര്യകുമാര്‍ യാദവിന് തിരിച്ചടി. ചണ്ഡീഗഡിനെതിരായ രഞ്ജിയിലെ ആദ്യ മല്‍സരത്തിനുള്ള ടീമില്‍ സൂര്യകുമാറിനിടമില്ല. രഞ്ജി മല്‍സരങ്ങള്‍ക്ക് താന്‍ ഉണ്ടാകുമെന്ന് സൂര്യകുമാര്‍ അറിയിച്ചിട്ടും ഇത്തരമൊരു തീരുമാനം സിലക്ടര്‍മാര്‍ കൈക്കൊള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റെഡ്ബോളില്‍ സൂര്യയുടെ സമീപകാല പ്രകടനത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് ആദ്യ മല്‍സരത്തില്‍ നിന്നൊഴിവാക്കിയതെന്നാണ് സൂചന. 

ഞായറാഴ്ച നടക്കുന്ന മുംബൈയുടെ ആദ്യ മല്‍സരത്തില്‍ ആയുഷ് മാത്രെയാണ് വൈസ് ക്യാപ്റ്റന്‍. അണ്ടര്‍ 19 കിരീട നേട്ടത്തിന് പിന്നാലെയാണ് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ പരിചയക്കുറവുണ്ടെങ്കിലും ഭാവി ക്യാപ്റ്റനെന്ന നിലയില്‍ വളര്‍ത്തിയെടുക്കാന്‍ സിലക്ടര്‍മാര്‍ തീരുമാനിച്ചതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിദ്ധേഷ് ലാഡ് നായകനായ 16 അംഗ ടീമില്‍ യശസ്വിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ 18 മാസമായി സൂര്യകുമാര്‍ റെഡ് ബോള്‍ കളിച്ചിട്ടില്ലെന്നും ഫോം വീണ്ടെടുത്ത് അദ്ദേഹം മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പവാര്‍ പ്രതികരിച്ചത്. 'അദ്ദേഹം മുംബൈയുടെ തകര്‍പ്പന്‍ താരവും വലിയ മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള ആളുമാണ്. കുറച്ച് റെഡ് ബോള്‍ മല്‍സരങ്ങള്‍ കളിച്ച് അദ്ദേഹം താളം വീണ്ടെടുക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 18 മാസമായി അദ്ദേഹം ഒരു റെഡ് ബോള്‍ മല്‍സരം പോലും കളിച്ചിട്ടില്ല. അതുകൊണ്ട് കുറച്ച് കളിച്ച ശേഷം അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ് കരുതുന്നത്'– സൂര്യ രഞ്ജി ടീമില്‍ ഇല്ലല്ലോ എന്ന ചോദ്യത്തില്‍ പവാര്‍ പറഞ്ഞു.

അതേസമയം,  മുംബൈയുടെ തകര്‍പ്പന്‍ താരമായ സര്‍ഫറാസ് ഖാനെ വൈസ് ക്യാപ്റ്റന്‍ പദവിയിലേക്ക് പരിഗണിക്കാത്തതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 19കാരനായ മാത്രെയ്ക്ക് ഇനിയും അവസരങ്ങളുണ്ടായിരുന്നുവെന്നും സര്‍ഫറാസിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമായിരുന്നുവെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ നിറയുന്നത്. സൂര്യയ്ക്ക് പുറമെ ഷാര്‍ദുല്‍ ഠാക്കൂറിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വലത്തേ കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് ഷാര്‍ദുലിനെ ഒഴിവാക്കിയത്. ആദ്യ രണ്ട് മല്‍സരങ്ങള്‍ താരത്തിന് നഷ്ടമായേക്കും. യശസ്വിയുടെ വരവ് ടീമിന് ഊര്‍ജമേകുമെന്നും നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യ– ന്യൂസീലന്‍ഡ് ടെസ്റ്റ് സീരിസിന് മുന്‍പ് താരത്തിന് പരിശീലനം കൂടിയാകുമെന്നും സിലക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ഹാംസ്ട്രിങിന് പരുക്കേറ്റ് അഞ്ച് മാസത്തോളം വിശ്രമത്തിലായിരുന്ന ആയുഷ് മാത്രെ അടുത്തയിടെയാണ് ഫിറ്റ്നസ് വീണ്ടെടുത്തത്. ആദ്യ മല്‍സരത്തിനുള്ള മുംബൈ ടീം: സിദ്ധേഷ് ലാഡ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ആയുഷ് മാത്രെ (വൈസ് ക്യാപ്റ്റന്‍), ദിവ്യാംശ് സക്സേന, മുഷീര്‍ ഖാന്‍, സര്‍ഫറാസ് ഖാന്‍, സുവേദ് പാര്‍ക്കര്‍, ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് തമോര്‍ (വിക്കറ്റ് കീപ്പര്‍), ഷാംസ് മുലാനി, തനുഷ് കൊട്ടിയാന്‍, അഥര്‍ന അങ്കൊലേകര്‍, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് ആവസ്തി, സില്‍വസ്റ്റര്‍ ഡിസൂസ, ഓംകാര്‍ തര്‍മലെ.

ENGLISH SUMMARY:

Suryakumar Yadav has been left out of Mumbai’s squad for their opening Ranji Trophy match against Chandigarh despite indicating that he would be available for domestic cricket. Mumbai selectors reportedly want him to regain form in red-ball cricket after he went 18 months without playing a first-class match. Meanwhile, 19-year-old Ayush Mhatre has been named vice-captain under Siddesh Lad, with selectors viewing him as a potential future leader following his Under-19 success. Shardul Thakur is also unavailable for the opening matches due to a finger injury, while Yashasvi Jaiswal has been included ahead of India’s upcoming Test series against New Zealand.