കേരളത്തിലെ ട്രോളന്‍മാര്‍ എന്റമ്മോ ഒരു രക്ഷയുമില്ലെന്ന് സഞ്ജു സാംസണ്‍, നാട്ടിലത്തെ ക്രിയേറ്റിവിറ്റി എന്നു പറഞ്ഞാല്‍ ഒരു രക്ഷയുമില്ല, ട്രോളുകള്‍ കണ്ട് ചിരിച്ചിട്ടുമുണ്ട് അതേപോലെ തന്നെ വേദനിച്ചിട്ടുമുണ്ട്. ചില ട്രോളുകള്‍ മനസില്‍ കൊള്ളുന്നവയുമായിരുന്നെന്ന് സഞ്ജു പറയുന്നു. പല മിമിക്രിക്കാരും തന്റെ ശബ്ദം അനുകരിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ജയറാമേട്ടന്‍ ഒരിക്കല്‍ തന്റെ ശബ്ദം അനുകരിച്ചിരുന്നുവെന്നും ശരിക്കും ഷോക്കായിപ്പോയെന്നും താരം മനോരമന്യൂസിനോട് പറഞ്ഞു.
ജയറാമേട്ടന്‍ സ്ഥിരമായി മെസേജ് അയക്കാറുണ്ട്. കാളിദാസുമായി നല്ല സൗഹൃദമുണ്ട്. ജയറാമേട്ടന്‍ തന്റെ ശബ്ദം അനുകരിച്ച് ഒരു ഓഡിയോ അയച്ചുതന്ന് എങ്ങനെയുണ്ടെന്നു പറയാനായി ആവശ്യപ്പെട്ടു. അതൊക്കെ വലിയ സന്തോഷം നല്‍കിയ കാര്യങ്ങളായിരുന്നു. ഐപിഎല്‍ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ പല കളിക്കാരേയും അനുകരിച്ചുള്ള വിഡിയോ കണ്ടിട്ടുണ്ട്. അതൊക്കെ ആസ്വദിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
ചാലഞ്ചിങ് ഫോര്‍മാറ്റാണ് ക്രിക്കറ്റില്‍ ടെസ്റ്റ് എന്നും സഞ്ജു പറയുന്നു. തനിക്ക് ഫാന്‍സ് നല്‍കുന്ന പിന്തുണ വളരേ മികച്ചതെന്ന് സഞ്ജു സാംസണ്‍. ഫാന്‍സ് എന്നു വിളിക്കാനല്ല കൂട്ടുകാരെന്ന് വിളിക്കാനാണ് തനിക്കിഷ്ടമെന്ന് താരം പറയുന്നു. കാര്യവട്ടത്ത് കളിക്കാന്‍ സാധിക്കാത്തതില്‍ വേദനയുണ്ടെന്നും അത്തരമൊരു സാഹചര്യം വന്നു ചേരുമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു. പബ്ലിക് ലൈഫില്‍ ചില സമയത്ത് ഫാന്‍സിന്റെ ഇടപെടല്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും സഞ്ജു പറയുന്നു. ഒരു തവണ പള്ളിയില്‍ പോയപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ സെല്‍ഫി ചോദിച്ച് ആളുകള്‍ വന്നത് ബുദ്ധിമുട്ടായിരുന്നു. അന്നല്‍പ്പം ഗൗരവത്തില്‍ അവരോട് സംസാരിക്കേണ്ടിയും വന്നു. ആദ്യകാലത്തെല്ലാം അയ്യോ സഞ്ജു വന്നു എന്ന രീതിയില്‍ വളരെ അദ്ഭുതത്തോടു കൂടിയാണ് കാണുന്നത്, അതോടെ മനസിലായി ഇടക്കിടെ പുറത്തിറങ്ങി ആളുകളെ കണ്ടാല്‍ ആ ആകാംക്ഷ മാറിക്കിട്ടുമെന്ന്, ഇപ്പോള്‍ ആ രീതിയാണ് പിന്തുടരുന്നതെന്നും താരം.
തമിഴ് നന്നായി സംസാരിക്കുന്നത് ചെന്നൈ ടീമിലേക്ക് പോകാനുള്ള വല്ല ആലോചനയിലും ആണോയെന്ന ചോദ്യത്തിനു ചിരിയായിരുന്നു മറുപടി. ബംഗാളി പഠിച്ച് പഴയ ടീമിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതയാണോ എന്ന ചോദ്യത്തേയും സഞ്ജു ചിരിച്ചുതള്ളി. തല്‍ക്കാലം ഹിന്ദി മതിയെന്നാണോ എന്നു ചോദിച്ചപ്പോള്‍ തല്‍ക്കാലം മലയാളം മതിചേട്ടാ എന്നായിരുന്നു മറുപടി, ചോദ്യം മനസിലായല്ലോ എന്നു ചോദിച്ചപ്പോള്‍ ചേട്ടന് ഉത്തരം പറഞ്ഞതും മനസിലായല്ലോ എന്നും താരം പ്രതികരിച്ചു.