ഇന്ത്യന്‍ പേസര്‍ ജസപ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിച്ചേക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിന്‍റെ കായികക്ഷമത ചൂണ്ടിക്കാട്ടിയാണ് കൈഫ് ഇത്തരമൊരു നിഗമനത്തിലെത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലുടനീളം ബുംറയുടെ പന്തിന്റെ വേഗത കുറയുന്നതായും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് ലഭിച്ചതെന്നും കൈഫ് എക്സില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
'ബുംറയുടെ പന്തിന്റെ വേഗത മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കുറഞ്ഞുവരികയാണ്. 130-135 കിലോമീറ്റർ റേഞ്ചിലാണ് അദ്ദേഹം ഇപ്പോള്‍ പന്തെറിയുന്നത്. ഇത് ഹെഡ്ഡിംഗ്‌ലിയിലെ ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് കുറവാണ്'. ലോര്‍ഡ്സിലും ലീഡ്സിലും 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞതും കൈഫ് സൂചിപ്പിക്കുന്നു. കായികക്ഷമതയാണ് താരത്തിനുള്ള വെല്ലുവിളിയായി കൈഫ് ചൂണ്ടികാട്ടുന്നത്.
ശാരീരികമായി ബുംറ ബുദ്ധിമുട്ടുകയാണ്. ശരീരം പിന്തുണയ്ക്കുന്നില്ലെന്നും കൈഫ് വിശദീകരിക്കുന്നു. മാഞ്ചസ്റ്റർ ടെസ്റ്റില്‍ വിക്കറ്റ് കീപ്പർ-ബാറ്റർ ജെയ്മി സ്മിത്തിനെ പുറത്താക്കിയ വിക്കറ്റടക്കം ഇതുവരെ രണ്ടു വിക്കറ്റ് മാത്രമാണ് ബുംറ നേടിയത്. ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അധിക സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കുകയുള്ളൂവെന്ന് ബുമ്ര പറഞ്ഞിരുന്നു.
'ബുംറ നിസ്വാർത്ഥനായ വ്യക്തിയാണ്, രാജ്യത്തിനായി 100 ശതമാനം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍, മല്‍സരം ജയിപ്പിക്കാനും വിക്കറ്റുകള്‍ നേടാനും സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ അദ്ദേഹം വിരമിക്കും. ഇത് എന്‍റെ ഉള്ളിലെ തോന്നലാണ്', കൈഫ് വ്യക്തമാക്കി.
'130-125 കിലോമീറ്റര്‍ വേഗതയിലാണ് ബുംറ പന്തെറിയുന്നത്. കിട്ടിയ വിക്കറ്റ് പോലും വിക്കറ്റ് കീപ്പര്‍ ഡൈവ് ചെയ്ത് എടുത്തതാണ്. ആവേശം പഴയതുപോലെ തന്നെയുണ്ട്. എന്നാല്‍ ശരീരം ബുംറയെ പിന്തുണയ്ക്കുന്നില്ല' എന്നും കൈഫ് പറയുന്നു.
ആദ്യം വിരാട് കോലി പോയി, പിന്നെ രോഹിത് ശർമ, അശ്വിനും ഇല്ല. ഇനി ബുംറയില്ലാതെ കളി കാണാന്‍ ഇന്ത്യൻ ആരാധകർക്ക് തയ്യാറാകേണ്ടി വരും എന്നും കൈഫ് പ്രവചിക്കുന്നു. സിഡ്‌നിയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിൽ പുറംവേദനയെ തുടര്‍ന്ന് താരം മൂന്ന് മാസത്തിലേറെ ക്രിക്കറ്റിൽ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഈ പരുക്കോടെ താരത്തിന് ചാംപ്യന്‍സ് ട്രോഫിയും നഷ്ടമായിരുന്നു.