ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മല്‍സരം നാളെ ലോര്‍ഡ്സില്‍. ആദ്യ രണ്ട് വേദികളില്‍ നിന്ന് വ്യത്യസ്ഥമായി പേസും ബൗണ്‍സും നിറഞ്ഞ പിച്ചാണ്, ലോര്‍ഡ്സില്‍ കാത്തിരിക്കുന്നതെന്നാണ് സൂചന. ഇന്ത്യന്‍ നിരയിലേക്ക് ജസ്പ്രീത് ബുമ്ര മടങ്ങിയത്തുമ്പോള്‍, ഇംഗ്ലണ്ട് നിരയില്‍ പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും ഗസ് അറ്റ്കിന്‍സനുമുണ്ടാകും.
പച്ചപുതച്ചുകിടക്കുന്ന ലോര്‍ഡ്സിലെ പിച്ചിന്റെ ചിത്രങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. രണ്ടാം ടെസ്റ്റിലെ പരാജയത്തിന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പരിശീലന്‍ ബ്രണ്ടന്‍ മക്കല്ലവും പഴിചാരിയത് എജ്ബാസ്റ്റനിലെ പിച്ചിനെയായിരുന്നു. സ്ലോ പിച്ച് ഇംഗ്ലീഷ് സാഹചര്യങ്ങളെക്കാള്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങള്‍ക്ക് സമാനമെന്നായിരുന്നു ഇരുവരുടെയും വിമര്‍ശനം. എജ്ബാസ്റ്ററിനിലേതുപോലെ ജീവനില്ലാത്ത പിച്ച് ഒരുക്കരുതെന്നാണ് ഗ്രൗണ്ട് സ്റ്റാഫിനോട് മക്കല്ലത്തിന്‍റെ അപേക്ഷ. പേസും ബൗണ്‍സും നിറഞ്ഞ പിച്ചൊരുക്കാന്‍ അഭ്യര്‍ഥിച്ച് ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം പരസ്യമായി രംഗത്തെത്തി.
ആതിഥേയ ടീം ആഗ്രഹിക്കുന്നതുപോലൊരു പിച്ചായാല്‍ നാളെ ലോര്‍ഡ്സില്‍ തീപാറും. ആര്‍ച്ചറെക്കൂടതെ പേസര്‍ ഗസ് അറ്റ്കിന്‍സനെയും ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും പ്ലെയിങ് ഇലവനിലേക്ക് എത്തിയേക്കും. ബുമ്രയെത്തുമ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായേക്കുമെന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നുളള വാര്‍ത്തകള്‍. ബുമ്രയ്ക്ക് പകരക്കാരനായി എത്തിയ ആകാശ് ദീപ് സ്ഥാനം നിലനിര്‍ത്തും. 2021ലാണ് ലോര്‍ഡ്സില്‍ ഇരുടീമും അവസാനമായി മല്‍സരിച്ചത്. 151 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.