ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ശേഷം ടെസ്റ്റ് ടീമിലെ ബാറ്റിങ് നിര നേരിടുന്ന അസ്ഥിരത ടീമിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ 18 ടെസ്റ്റുകളിൽ നിർണായകമായ മൂന്നാം നമ്പറിൽ മാത്രം ഇന്ത്യ പരീക്ഷിച്ചത് ഏഴ് വ്യത്യസ്ത ബാറ്റർമാരെയാണ്. ഗംഭീറിനെതിരെ ആരാധക രോഷം ഉയരുന്നതിനൊപ്പം, ടീം സെലക്ഷനെ പരസ്യമായി വിമർശിച്ച് കരുൺ നായരും രംഗത്തെത്തി.
ചില സാഹചര്യങ്ങൾ ഹൃദയം കൊണ്ടറിയാവുന്നവയാണ്. കളത്തിലിറങ്ങാൻ സാധിക്കാത്തതിന്റെ നിശ്ശബ്ദതയ്ക്ക് അതിന്റേതായ ഒരു നീറ്റലുണ്ട് - ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ കരുണ്‍ നായര്‍ കുറിച്ച ട്വീറ്റ്. ഒറ്റ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ ഇടംനഷ്ടപ്പെട്ട കരുണ്‍ നായരുടെ വിമര്‍ശനത്തിലും കാരണമുണ്ട്. ബാറ്റിങ്ങില്‍ നെടുംതൂണാകേണ്ട മൂന്നാം നമ്പറില്‍ കഴിഞ്ഞ 18 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയത് കരുണ്‍ നായര്‍ ഉള്‍പ്പടെ 7 ബാറ്റര്‍മാര്‍. ഇതില്‍ ഒരാളെപ്പോലും തുടര്‍ച്ചയായി മൂന്നിലേറെ മല്‍സരങ്ങളില്‍ മൂന്നാം സ്ഥാനത്ത് അവസരം നല്‍കിയില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ തിളങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ ഗുവാഹത്തി ടെസ്റ്റില്‍ ഇറങ്ങിയത് എട്ടാമനായി. പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ വാഷിങ്ടണ്‍ കഴിഞ്ഞ ഏഴു ഇന്നിങ്സുകളില്‍ ഇറങ്ങിയത് അഞ്ച് വ്യത്യസ്ഥ ബാറ്റിങ് പൊസിഷനുകളില്‍. 7 മല്‍സരങ്ങളില്‍ ശുഭ്മന്‍ ഗില്‍ മൂന്നാമനായി. സായി സുദര്‍ശന്‍ അഞ്ചുടെസ്റ്റിലും കരുണ്‍ നായര്‍ മൂന്നുടെസ്റ്റിലും ദേവ്ദത്ത് പടിക്കല്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ ഓരോ ടെസ്റ്റിലും മൂന്നാം സ്ഥാനത്ത് ഇറങ്ങി.