ക്രിക്കറ്റ് പിച്ചിലെ ഇംഗ്ലണ്ട് ഓസ്ട്രേലിയ പക ലോകപ്രശസ്തമാണ്. അങ്ങനെയുള്ളപ്പോൾ ആഷസിൽ ഒരു ഇംഗ്ലീഷുകാരൻ സെഞ്ചറിയടിച്ചാൽ ഓസ്ട്രേലിയക്കാരൻ സന്തോഷിക്കുമോ? ഇല്ല എന്ന് പെട്ടെന്ന് ഉത്തരം പറയാന്‍ വരട്ടെ. അങ്ങനെ സന്തോഷിച്ച ഒരാളുണ്ട്. മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡൻ. അതിനൊരു കാരണവുമുണ്ട്.

ആഷസിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ഗാബയിൽ ജോ റൂട്ട് തന്റെ 40-ാം ടെസ്റ്റ് സെഞ്ചറി നേടിയപ്പോൾ ആശ്വാസമായത് മുൻ ഓസീസ് ഇതിഹാസം മാത്യു ഹെയ്‌ഡനാണ്. ആഷസ് പരമ്പരയിൽ റൂട്ട് ഒരു സെഞ്ചറി പോലും അടിച്ചില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന് ചുറ്റും നഗ്നനായി ഓടുമെന്നായിരുന്നു ഹെയ്ഡന്റെ പ്രഖ്യാപനം.

ഇന്നലെ ജോ റൂട്ട് സെഞ്ചറിയടിച്ചതിന് പിന്നാലെ ഹെയ്ഡൻ എക്സില്‍ പ്രതികരിച്ചതിങ്ങനെ: ‘അഭിനന്ദനങ്ങൾ കൂട്ടുകാരാ. നിനക്ക് അൽപ്പം സമയമെടുത്തു. ഈ കളിയിൽ എന്നേക്കാൾ തൊലിക്കട്ടി പണയപ്പെടുത്തിയ മറ്റാരുമുണ്ടാകില്ല’. ഞങ്ങളുടെ കണ്ണുകളെ രക്ഷിച്ചതിന് റൂട്ടിന് നന്ദി എന്നായിരുന്നു ഹെയ്‌ഡന്റെ മകൾ ഗ്രേസ് ഹെയ്ഡൻ പറഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ജോ റൂട്ടിന് ചിരവൈരികൾക്കെതിരെ ഓസ്ട്രേലിയിൽ ഇന്നേവരെ ഒരു സെഞ്ചറി പോലും നേടാൻ സാധിച്ചിരുന്നില്ല. ഇതേ കുറിച്ചുള്ള ചർച്ചയിലാണ് ഹെയ്‌ഡൻ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ സെപ്‌റ്റംബറിൽ ഓൾ ഓവർ ദി ബാർ ക്രിക്കറ്റ് പോഡ്‍കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഹെയ്ഡന്റെ വെല്ലുവിളി. ഹെയ്ഡന്റെ ഈ വെല്ലുവിളി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  'ദയവായി സെഞ്ച്വറി നേടൂ' എന്നായിരുന്നു റൂട്ടിനെ ടാഗ് ചെയ്ത് ഹെയ്ഡന്റെ മകളും ക്രിക്കറ്റ് കമന്റേറ്ററുമായ ഗ്രേസ് ഹെയ്‌ഡൻ കമന്റ് ചെയ്തത്.

ENGLISH SUMMARY:

Joe Root's century in the Ashes brought relief to Matthew Hayden. The former Australian cricketer had jokingly pledged to run naked around the Melbourne Cricket Ground if Root didn't score a century in the Ashes series.