FILE PHOTO: India's Shubman Gill, in September. REUTERS/Satish Kumar/File Photo

TOPICS COVERED

ടെസ്റ്റ് പരമ്പരകൾക്കു മുൻപ് 15 ദിവസത്തെ ക്യാംപ് വേണമെന്ന് BCCIയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. എന്നാൽ, ഇന്ത്യയുടെ തിരക്കേറിയ മത്സരക്രമം കണക്കിലെടുക്കുമ്പോൾ, ക്യാപ്റ്റന്റെ ശുപാര്‍ശ നടപ്പാക്കുക എളുപ്പമായിരിക്കില്ല.

13 മാസത്തിനിടെ രണ്ടുതവണയാണ് ഇന്ത്യ നാട്ടിലെ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണതോല്‍വി ഏറ്റുവാങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ബിസിസിഐ, സിലക്ടർമാരുമായും ടീമിലെ നേതൃനിരയുമായും അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങും മുൻപ് ടീമിന് കൂടുതൽ ചിട്ടയായ തയാറെടുപ്പ് ആവശ്യമാണെന്ന് ഗിൽ ഈ ചർച്ചയിൽ വ്യക്തമാക്കി. ഈ സീസണിലെ മത്സരക്രമം കാരണം ടീമിന് തയാറെടുപ്പിന് വേണ്ടത്ര സമയം ലഭിച്ചില്ല. അതിനാൽ ഓരോ ടെസ്റ്റ് പരമ്പരയ്ക്കും മുൻപായി 15 ദിവസത്തെ റെഡ് ബോൾ ക്യാംപ് സംഘടിപ്പിക്കുന്നത് ഉചിതമാകുമെന്ന് ഗിൽ ശുപാർശ ചെയ്തു. 

ഏഷ്യാ കപ്പ് കിരീടം നേടി വെറും നാലു ദിവസം കഴിഞ്ഞാണ് ഇന്ത്യ കഴിഞ്ഞ ഹോം ടെസ്റ്റ് സീസണിന് തുടക്കമിട്ടത്. ഒക്ടോബർ രണ്ടിന് വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിനിറങ്ങുമ്പോൾ, താരങ്ങൾ ദുബായിൽനിന്ന് സെപ്റ്റംബർ 29ന് മാത്രമാണ് ഇന്ത്യയിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന് വെറും നാലു ദിവസം മുൻപാണ് ഗില്ലും ‌സഹ താരങ്ങളും ഓസ്ട്രേലിയയിലെ പരിമിത ഓവർ പര്യടനം കഴിഞ്ഞെത്തിയത്.

ENGLISH SUMMARY:

Following India's disappointing Test series defeats at home, captain Shubman Gill has requested the BCCI to conduct mandatory 15-day red-ball training camps before every Test series. Gill highlighted that the packed international schedule has deprived players of adequate preparation time, often transitioning between formats and time zones within days. While the BCCI is reviewing the recommendation, implementing such a long camp remains a challenge due to India's pre-scheduled commitments in the Asia Cup and other bilateral tours.