ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ പരുക്കേറ്റിട്ടും വാഷിംഗ്ടൺ സുന്ദറിനെ ബാറ്റിങിന് ഇറക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മുഹമ്മദ് കൈഫ്. ടീം മാനേജ്‌മെന്‍റിന്‍റേത് ഇരട്ടത്താപ്പാണെന്നും താരങ്ങളുടെ സുരക്ഷയിൽ വിവേചനം കാണിക്കുന്നുണ്ടെന്നും കൈഫ് ആരോപിച്ചു. പരിശീലകൻ ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചായിരുന്നു കൈഫിന്‍റെ പ്രതികരണം.
കഴിഞ്ഞ സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ ശുഭ്മൻ ഗില്ലിന് പരുക്കേറ്റപ്പോൾ അദ്ദേഹത്തിന് ബാറ്റിങിന് ഇറങ്ങേണ്ടി വന്നില്ലെന്നും താരത്തെ സുരക്ഷിതനായി മാറ്റി നിർത്തിയെന്നും കൈഫ് ചൂണ്ടിക്കാട്ടി. "ഗില്ലിന് പരുക്കേറ്റപ്പോൾ ടീം മാനേജ്‌മെന്‍റ് അദ്ദേഹത്തെ സംരക്ഷിച്ചു. എന്നാൽ സുന്ദറിന്‍റെ കാര്യത്തിൽ അത് കണ്ടില്ല. മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും സുന്ദറിനെ അനാവശ്യമായി റിസ്ക് എടുപ്പിച്ചത് പരുക്കിന്‍റെ തീവ്രത വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. പത്തിന് പകരം ഇരുപതോ മുപ്പതോ ദിവസം സുന്ദറിന് ടീമിന് പുറത്തിരിക്കേണ്ടി വന്നാൽ അതിന്‍റെ ഉത്തരവാദിത്തം ആർക്കാണ്?" - കൈഫ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.
വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് വാരിയെല്ലിന് പരിക്കേറ്റത്. ബോളിങിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം അഞ്ച് ഓവർ എറിഞ്ഞ ശേഷം കളം വിട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ബാറ്റിംഗിനിടെ എട്ടാം നമ്പറിൽ താരം ബാറ്റ് ചെയ്യാൻ ഇറങ്ങി. ഏഴ് പന്തുകൾ നേരിട്ട് 7 റൺസുമായി സുന്ദർ പുറത്താകാതെ നിന്നെങ്കിലും, മത്സരത്തിന് പിന്നാലെ താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ബിസിസിഐ അറിയിച്ചു.