ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് അഞ്ചുവിക്കറ്റ് ജയം. സിഡ്നിയില്‍ 160 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഓസ്ട്രേലിയ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 161റണ്‍സെടുത്തു. അഞ്ചുടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിന് ഒരു ടെസ്റ്റില്‍ മാത്രമാണ് ജയിക്കാനായത്. ബാറ്റിങ്ങില്‍ ട്രവിസ് ഹെഡും ബോളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്ട്രേലിയയുടെ പരമ്പര വിജയത്തില്‍ നിര്‍ണായകമായി.
സിഡ്നിയില്‍ മറിച്ചൊന്നും സംഭവിച്ചില്ല. അവസാന ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 342ന് അവസാനിച്ചു. സ്റ്റാര്‍ക്കിന്റെയും ബോളണ്ടിന്റെയും വെബ്സ്റ്ററുടെയും പന്തുകള്‍ക്ക് മുന്നില്‍ ഇംഗ്ലീഷ്നിരയുടെ അടിതെറ്റി. 154റണ്‍സെടുത്ത ജേക്കബ് ബെഥലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ ടോപ്സ്കോറര്‍. 160റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഓസ്ട്രേലിയ അനായാസം ലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 29റണ്‍സെടുത്ത് ട്രവിസ് ഹെഡും 37റണ്‍സെടുത്ത് ലബുഷെയ്നും 12 റണ്‍സെടുത്ത് സ്മിത്തും മടങ്ങിയെങ്കിലും ഓസ്ട്രേലിയ പതറിയില്ല. 22 റണ്‍സോടെ കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ നിന്നു. സിഡ്നിയിലും ജയിച്ച ഓസ്ട്രേലിയ ആഷസ് പരമ്പര 4–1ന് സ്വന്തമാക്കി. സിഡ‍്നിയില്‍ ഒന്നാം ഇന്നിങ്സില്‍ നേടിയ സെഞ്ചുറി ഉള്‍പ്പെടെ 629 റണ്‍സോടെ ഹെഡാണ് ഓസ്ട്രേലിയയുടെ ബാറ്റിങ്ങിന് കരുത്തായതും ഇംഗ്ലണ്ട് ബോളിങ് നിരയെ അടിച്ചോടിക്കുന്നതില്‍ മുന്നില്‍ നിന്നതും. ഹെഡ് തന്നെയാണ് സിഡ്നിയിലെ താരം.
സിഡ്നിയില്‍ വീഴ്ത്തിയ 5 ഉള്‍പ്പെടെ പരമ്പരയില്‍ ആകെ 31വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഈ ആഷസില്‍ ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്. സ്റ്റാര്‍ക്കുതന്നെ പരമ്പരയുടെ താരം. ഓസ്ട്രേലിയയുടെ ഓപ്പണിങ് ബാറ്റര്‍ ഉസ്മാന്‍ ഖവാജ സിഡ്നിയിലെ മല്‍സരത്തോടെ ടെസ്റ്റില്‍ നിന്ന് വിടവാങ്ങി. 88ടെസ്റ്റില്‍ നിന്ന് 6229 റണ്‍സോടെയാണ് ഉസി ക്രീസ് വിട്ടത്.