India's captain Shubman Gill reacts as he leaves the field after retired hurt on the second day of the first cricket test match between India and South Africa in Kolkata, India, Saturday, Nov. 15, 2025. (AP Photo/Aijaz Rahi)

ദക്ഷിണാഫ്രിക്കയ്​ക്കെതി​രായ  ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ശുഭ്മന്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍ പദവി തെറിച്ചേക്കുമെന്ന് സൂചന. കടുത്ത സമ്മര്‍ദത്തിന് അടിപ്പെട്ടതാണ് ഗില്ലിന്‍റെ പരുക്കിലേക്ക് നയിച്ചതെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന തീരുമാനം നിലവിലെ സ്ഥിതിയില്‍ ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മുന്‍താരങ്ങളടക്കമുള്ളവര്‍ വിലയിരുത്തുന്നു. 

സെപ്റ്റംബര്‍ മുതലിങ്ങോട്ട് ശുഭ്മന്‍ ഗില്ലിന് വിശ്രമം ലഭിച്ചിട്ടേയില്ലെന്നതാണ് വസ്തുത. ദുബായില്‍ നടന്ന ഏഷ്യാക്കപ്പ് ടൂര്‍ണമെന്‍റിന് പിന്നാലെ ഗില്‍ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കായി നാട്ടിലേക്ക് എത്തി. ഇതിന് പിന്നാലെ ഓസ്ട്രേലിയന്‍ പര്യടനം. അതും മൂന്ന് ഏകദിനങ്ങളും 5 ട്വന്‍റി20 മല്‍സരങ്ങളും ഉള്‍പ്പെട്ടത്. മറ്റ് താരങ്ങള്‍ക്കെല്ലാം മൂന്ന് ഫോര്‍മാറ്റുകള്‍ക്കിടയിലും വിശ്രമം ലഭിച്ചപ്പോള്‍ ഗില്ലിന് അതുണ്ടായില്ല. ഒടുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓപ്പണറാവേണ്ടി വന്നു. ഇത് വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് ഗില്ലിന്‍റെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണ്.

കഴുത്തുളുക്കിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിനിടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 124 റണ്‍സെന്ന ദുര്‍ബലമായ റണ്‍ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സിന് തകര്‍ന്നടിഞ്ഞു. 15 വര്‍ഷത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ജയവും സ്വന്തമാക്കി. പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗില്‍ ഞായറാഴ്ച ആശുപത്രി വിട്ടു. രണ്ടാം ടെസ്റ്റിലും കളിക്കില്ല. അതേസമയം, രണ്ടാം ടെസ്റ്റ് കൂടി ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം. 

തോല്‍വിക്ക് പിന്നാലെ വന്‍ വിമര്‍ശനമാണ് മാനേജ്മെന്‍റിനും കോച്ച് ഗംഭീറിനുമെതിരെ ഉയര്‍ന്നത്. ഗില്‍ താരതമ്യേനെ ചെറുപ്പമാണെന്നും ഇത്ര സമ്മര്‍ദം താങ്ങാന്‍ കഴിയില്ലെന്നും മുന്‍താരങ്ങള്‍  ചൂണ്ടിക്കാട്ടുന്നു. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി തന്നെയാണ് വേണ്ടതെന്നാണ് മുന്‍ ബാറ്റ്സ്മാന്‍ ആയ അഭിനന്ദ് മുകുന്ദ് പറയുന്നത്. 'സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയാണ് നിലവില്‍ ഏറ്റവും സ്മാര്‍ട്ടായ തീരുമാനം. ഗില്‍ കടുത്ത സമ്മര്‍ദത്തിലാണിപ്പോള്‍. ഇതൊരു നിര്‍ണായക പരമ്പരയാണ്. ഇംഗ്ലണ്ട് സീരിസ് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. പക്ഷേ ഇത് അടിയന്തരമായി പരിഗണിക്കുകയും പരിഹരിക്കുകയും വേണമെന്നും ദൂരദര്‍ശനിലെ ദ് ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോയില്‍ അദ്ദേഹം വ്യക്തമാക്കി. 

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ശുഭ്മന്‍ ഗില്ലിനെ ബിസിസിഐ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിച്ചത്. കഴിഞ്ഞ മാസം ഏകദിന ക്യാപ്റ്റനായും നിയോഗിച്ചു. 2027ലെ ഏകദിന ലോകകപ്പ് മനസില്‍ കണ്ടാണ് തലമുറമാറ്റത്തിന് ബിസിസിഐ തുടക്കമിട്ടത്. ഒടുവില്‍ ഏഷ്യാക്കപ്പിന് തൊട്ടു മുന്‍പ് ട്വന്‍റി20യില്‍ വൈസ് ക്യാപ്റ്റനായും ഗില്ലിനെ ചുമതലപ്പെടുത്തി.