ഇന്ത്യന്‍ ബോളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആകാശ് ദീപ് നേട്ടം സമ്മാനിക്കുന്നത് സഹോദരിക്കാണ്. ഓരോ തവണ പന്ത് കയ്യിലെടുക്കുമ്പോള്‍ സഹോദരിയുടെ ചിന്തയാണ് മനസില്‍ നിറയുന്നതെന്ന് ആകാശ് മല്‍സരശേഷം വെളിപ്പെടുത്തി. കാന്‍സര്‍ രോഗബാധിതയാണ് ആകാശ് ദീപിന്റെ സഹോദരി.
ജസ്പ്രീത് ബുമ്രയേ പേടിക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് ഔട്ട് ഓഫ് സിലബസായാണ് ആകാശ് ദീപെന്ന 28കാരന്‍ എത്തിയത്. ആദ്യ ഇന്നിങ്സില്‍ നാലുവിക്കറ്റും രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റും. പേരുകേട്ട ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. ബ്രൂക്കും, പോപ്പും, സ്മിത്തും, റൂട്ടും പുറത്തായവരില്‍ ഉള്‍പ്പെടുന്നു.
കാന്‍സറിനെതിരെ പോരാടുന്ന സഹോദരിക്കുള്ളതാണ് ആകാശിന്റെ ഈ നേട്ടം. രണ്ടുമാസം മുമ്പാണ് സഹോദരിക്ക് രോഗം സ്ഥിരീകരിച്ചത്. സഹോദരിയുടെ മുഖത്ത് ചിരിസമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ആകാശ് ദീപ് മല്‍സരശേഷം നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിഞ്ഞ് മാസങ്ങള്‍ക്കകമാണ് ആകാശിന്റെ അച്ഛനും സഹോദരനും മരണപ്പെട്ടത്. പിന്നീട് ആകാശ് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ബംഗാള്‍ താരമായ ആകാശ് ദീപ് കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരായാണ് അരങ്ങേറ്റം കുറിച്ചത്.