വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളിക്ക് പ്രിയങ്കരനായി അകാലത്തില്‍ വിട പറഞ്ഞ താരമാണ് ജിഷ്ണു രാഘവന്‍. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് 2002 ല്‍ കമലിന്‍റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറി. സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി കാന്‍സർ ബാധിച്ചത്. 2016 ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി.
ഇപ്പോള്‍ മകന്‍റെ ചികില്‍സയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഘവന്‍. ആരുടെയൊക്കെയോ വാക്കുകേട്ട് അവൻ ബെംഗളൂരുവിൽനിന്ന് ഓപ്പറേഷൻ ചെയ്തുവെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍ പറഞ്ഞു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും രാഘവന്‍ പറയുന്നു. ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും തങ്ങള്‍ ജിഷ്ണുവിനെ ഓര്‍ക്കാറേയില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു.
'അത് അങ്ങനെയാണ് വരേണ്ടത്. ഞാൻ ഒരു കാര്യത്തെക്കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്‍റെ രോഗവിവരം അറിഞ്ഞത് ഒരു ഷോക്കായിരുന്നു. കാലമെല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. ആരുടെയൊക്കെയോ വാക്കുകേട്ട് അവൻ ബെംഗളൂരുവിൽനിന്ന് ഓപ്പറേഷൻ ചെയ്തു. ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്.
ഓപ്പറേറ്റ് ചെയ്ത് ഈ തൊണ്ട മുഴുവൻ മുഴുവൻ മുറിച്ചു കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിലൂടെ കൊടുക്കേണ്ട കാര്യം എന്തായിരുന്നു. അങ്ങിനെ ആണെങ്കിൽ മരിച്ചാൽ പോരെ. എന്തിനാണ് ഇങ്ങനെയാരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് പറഞ്ഞ് ഞാനും അവന്റെ അമ്മയും നിർബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷൻ ചെയ്തു. അത് അവരുടെ ഇഷ്ടം. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. ഞങ്ങൾ അനുഭവിച്ചു.
കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ലേക്‌ഷോറിലെ ഡോക്ടർമാരും ഇക്കാര്യംതന്നെ പറഞ്ഞു. പക്ഷേ, അത് കേട്ടില്ല. എല്ലാം കളഞ്ഞു കഴിഞ്ഞാൽ പിന്നെ അത് നമുക്ക് ഉണ്ടാക്കാൻ പറ്റില്ല. അവനെ ഓർക്കത്തക്ക രീതിയിൽ ഞങ്ങൾ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും. ഞങ്ങൾ അവനെ ഓർക്കാറേ ഇല്ല. പക്ഷേ, നിങ്ങൾ ഇപ്പോൾ ഓർമിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല,' രാഘവന്‍ പറഞ്ഞു.