ഇംഗ്ലണ്ടിനെതിരായ അണ്ടര്‍-19 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് സെഞ്ചറി. യൂത്ത് ഏകദിനത്തില്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരവും വേഗമേറിയ സെഞ്ചറിയും വൈഭവ് സ്വന്തം പേരിലാക്കി. 52 പന്തില്‍ 10 ഫോറും ഏഴു സിക്സറും സഹിതമാണ് വൈഭവിന്‍റെ സെഞ്ചറി. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവിന്‍റെ വെടിക്കെട്ട് പിറന്നത്.
യൂത്ത് ഏകദിനത്തില്‍ വേഗമേറിയ സെഞ്ചറിയെന്ന ലോക റെക്കോര്‍ഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. പാക്കിസ്ഥാന്‍റെ കമ്രാന്‍ ഗുലാം 2013 ല്‍ ഇംഗ്ലണ്ട് അണ്ടര്‍-19 നെതിരെ നേടിയ 53 പന്തിലെ സെഞ്ചറിയാണ് വൈഭവ് തകര്‍ത്തത്. 2022 ലെ അണ്ടർ-19 ലോകകപ്പിൽ ഉഗാണ്ടയ്‌ക്കെതിരെ രാജ് അംഗദ് ബാവ 69 പന്തിൽ നിന്ന് നേടിയ സെഞ്ചറിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൈഭവിന്‍റെ ഇന്നിങ്സിന് മുന്‍പുള്ള ഏറ്റവും വേഗതയേറിയ സെഞ്ചറി.
ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ യൂത്ത് സെഞ്ചറിയും വൈഭവിന്‍റെ പേരിലായി. സര്‍ഫറാസ് ഖാന്‍റെ വര്‍ഷങ്ങള്‍ നീണ്ട റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തത്. 2013 ല്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍-19 ടീമിനെതിരെ 15 വയസും 338 ദിവസവും പ്രായമുള്ളപ്പോഴാണ് സര്‍ഫറാസ് സെഞ്ചറി നേടിയത്. 14 വയസും 241 ദിവസവും പ്രായമുള്ളപ്പോള്‍ ബംഗ്ലാദേശ് താരം നജ്മുല്‍ ഹൊസൈന്‍ ഷാന്‍ഡോ നേടിയ സെഞ്ചറിയാണ് ലോകത്തിലെ പ്രായം കുറഞ്ഞ സെഞ്ചറി. ഇതും വൈഭവ് മറികടന്നു.
നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിങിറങ്ങിയ ഇന്ത്യയ്ക്ക് ആയുഷ് മാത്രയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും വൈഭവും വിഹാന്‍ മല്‍ഹോത്രയും കൂട്ടുകെട്ടുണ്ടാക്കി. 143 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 13 ഫോറും 10 സിക്സും വൈഭവ് നേടി. രണ്ടാം വിക്കറ്റില്‍ 234 റണ്‍സ് കൂട്ടികെട്ടുണ്ടാക്കി.