ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേരിന്റെ അവകാശം സ്വന്തമാക്കാൻ എം.എസ് ധോണി ട്രേഡ് മാര്‍ക് അപേക്ഷ സമർപിച്ചു. ഇനിയുള്ള 120 ദിവസം മറ്റാരും എതിർപ്പുമായി എത്തിയില്ലെങ്കിൽ ക്യാപ്റ്റൻ കൂൾ എന്ന പേര് ധോണിയുടെ മാത്രം സ്വന്തമാകും. രണ്ട് വർഷമായുള്ള നിയമപോരാട്ടമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
നെഞ്ചിടിച്ച് തലപുകഞ്ഞ് ആരാധകരും സഹതാരങ്ങളും നിൽക്കുമ്പോൾ വിക്കറ്റിന് പിന്നിൽ കൂളായി നിന്ന നായകനെ വിളിച്ച ഓമനപ്പേര്.... ക്യാപ്റ്റൻ കൂൾ....പേരിന്റെ ട്രേഡ്മാർക് അവകാശം നേടാൻ ട്രേഡ്മാർക് രജിസ്ട്രി പോർട്ടലിലാണ് ധോണി അപേക്ഷ നൽകിയത്. അപേക്ഷ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 120 ദിവസം കൂടി കാത്തിരിക്കണം പേരിന്റെ അവകാശിയാകാൻ.
സ്പോർട്സ് ട്രെയിനിങ്, കോച്ചിംഗ് വിഭാഗത്തിലാണ് ട്രേഡ് മാർക്ക്. 2023 ലാണ് ധോണി ട്രേഡ്മാർക് സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ പ്രഭ സ്കിൽ സ്പോർട്സ് എന്ന കമ്പനി അതിന് മുൻപുതന്നെ പേരിന്റെ അവകാശം സ്വന്തമാക്കിയിരുന്നു. തന്റെ വിളിപ്പേര് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രഭ സ്കിൽ സ്പോർട്സ് ഉപയോഗിക്കുന്നു എന്ന് കാണിച്ചു ധോണി നിയമപോരാട്ടം തുടങ്ങി. നാല് വട്ടം ഹിയറിങ് നടത്തിയ ശേഷമാണ് ധോണിയുടെ അപേക്ഷ അംഗീകരിച്ചത്.